g

തിരുവനന്തപുരം:ടൗക് തേ ചുഴലിക്കാറ്റിന്റെ ഭീഷണി ഒഴിഞ്ഞതോടെ മാനം തെളിഞ്ഞു. ഇന്നലെ ഒരിടത്തും കനത്ത മഴ പെയ്തില്ല. മഴക്കെടുതിയുടെയും കടൽക്ഷോഭത്തിന്റെയും പശ്ചാത്തലത്തിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ 1,457 പേരാണ് കഴിയുന്നത്. 22 ക്യാമ്പുകൾ പ്രവ‌ർത്തിക്കുന്നു. ജില്ലയിൽ 36 വീടുകൾക്ക് പൂർണമായും 561 വീടുകൾക്ക് ഭാഗികമായും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തിരുവനന്തപുരം താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നിട്ടുള്ളത്.13 ക്യാമ്പുകളിലായി 196 കുടുംബങ്ങളിലെ 805 പേർ ഇവിടെ കഴിയുന്നു. നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന ഏഴു ക്യാമ്പുകളിൽ 150 കുടുംബങ്ങളിൽ നിന്നായി 582 പേരും ചിറയിൻകീഴിലെ രണ്ടു ക്യാമ്പുകളിൽ 27 കുടുംബങ്ങളിലെ 70 പേരും കഴിയുന്നുണ്ട്. നെടുമങ്ങാട്, വർക്കല, കാട്ടാക്കട താലൂക്കുകളിൽ നിലവിൽ ക്യാമ്പുകളൊന്നും പ്രവർത്തിക്കുന്നില്ല.

മഴക്കെടുതിയിൽ തിരുവനന്തപുരം താലൂക്കിൽ എട്ടു വീടുകൾ പൂർണമായും 84 വീടുകൾ ഭാഗികമായും തകർന്നു. കാട്ടാക്കടയിൽ അഞ്ചു വീടുകൾ പൂർണമായും 48 വീടുകൾ ഭാഗികമായും നശിച്ചു. വർക്കല താലൂക്കിൽ അഞ്ചു വീടുകൾ പൂർണമായും 103 വീടുകൾ ഭാഗികമായും തകർന്നു. ചിറയിൻകീഴ് താലൂക്കിൽ 12 വീടുകളാണ് പൂർണമായി തകർന്നത്. ഇവിടെ 212 വീടുകൾക്ക് ഭാഗിക നാശനഷ്ടമുണ്ടായി.നെയ്യാറ്റിൻകര താലൂക്കിൽ ആറു വീടുകൾ പൂർണമായും 114 വീടുകൾ ഭാഗികമായും തകർന്നു.