kidney

വൃക്കയുടെ അണുരോഗബാധയ്ക്ക് പൈലോ നെഫ്രൈറ്റിസ് എന്നാണ് പറയുന്നത്. ഇ-കോളി ബാക്ടീരിയയാണ് സാധാരണയായി ഇത്തരം രോഗാണുബാധ ഉണ്ടാക്കുന്നത്. രക്തം വഴിയോ മൂത്രനാളിയിൽ കൂടി മുകളിലേക്ക് പടർന്നോ ആണ് ഇത്തരം രോഗാണുബാധ ഉണ്ടാകുന്നത്. ജന്മനാ തകരാറുകളുള്ള വൃക്ക, പ്രമേഹം കാരണമുള്ള പാപിലറി നെക്രോസിസ്, പ്രമേഹം മുതലായവയാണ് ഇത്തരം രോഗാണുബാധയ്ക്ക് കാരണക്കാർ.

വിറയലോടുകൂടിയ പനി, ഇടുപ്പിന് വേദന, മൂത്രത്തിലെ പഴുപ്പും രക്തവും തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.

കുട്ടികളിൽ വൃക്കയ്ക്ക് രോഗാണുബാധ ഉണ്ടായാൽ വൃക്കയിൽ വടുക്കൾ ഉണ്ടാകും. രക്തസമ്മർദ്ദം, വൃക്കപരാജയം മുതലായവയും ഉണ്ടാകാം. വൃക്കയ്ക്ക് അകത്തും പുറത്തുമുള്ള പഴുപ്പ്, രക്തത്തിലേക്ക് രോഗാണുബാധ വ്യാപിച്ചാൽ സെപ്റ്റിസീമിയ മുതലായവ ചില രോഗികളിൽ ഉണ്ടാകാം. മൂത്രത്തിന്റെയും രക്തത്തിന്റെയും പരിശോധനകൾ, അൾട്രാസൗണ്ട് സ്കാൻ, സി.ടി. സ്കാൻ മുതലായ പരിശോധനകൾ ആവശ്യമാണ്. വൃക്കയിലെ അണുരോഗബാധയ്ക്ക് 14 ദിവസത്തെ ആന്റിബാക്ടീരിയൽ ചികിത്സ വേണ്ടിവരും. വൃക്കയിൽ അടവ്, പഴുപ്പ് മുതലായവ ഉള്ളവർക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടിവരും. വൃക്കയിൽ പഴുപ്പുള്ള രോഗികൾക്ക് അത് നീക്കം ചെയ്യേണ്ടതും ആവശ്യമാണ്.

എംഫസി മാറ്റസ് പൈലോ നെഫ്രൈറ്റിസ് എന്ന പ്രത്യേകതരം വൃക്കയുടെ രോഗാണുബാധയിൽ വൃക്കയിൽ ഗ്യാസ് രൂപപ്പെടുന്നു. ഗ്യാസ് ഉണ്ടാക്കുന്ന ബാക്ടീരിയ, പ്രമേഹം, രോഗപ്രതിരോധശേഷി കുറഞ്ഞ രോഗികൾ മുതലായവർക്കാണ് ഇത് ഉണ്ടാകുന്നത്. ആന്റി​ ബാക്ടീരി​യൽ മരുന്നുകളോടൊപ്പം വൃക്കനീക്കം ചെയ്യേണ്ടി​വരും.

വൃക്കയെ ബാധി​ക്കുന്ന ക്ഷയരോഗവും അപൂർവമായിട്ടെങ്കിലും​ കാണാറുണ്ട്. ശ്വാസകോശത്തെയും ബാധി​ക്കുന്ന ക്ഷയരോഗത്തെ തുടർന്നാണ് വൃക്കകൾക്ക് ക്ഷയരോഗമുണ്ടാകുന്നത്. വി​ട്ടുമാറാത്ത മൂത്രരോഗാണുബാധ, പ്രത്യേകിച്ച് ഇ-കോളി ബാക്ടീരിയ കാരണമുള്ളത് വൃക്കകളുടെ ക്ഷയരോഗത്തിന്റെ ലക്ഷണമാകാം. മൂത്രം, രക്തം ഇവയുടെ പരിശോധന, സി.ടി സ്കാൻ, സിസ്റ്റോസ്കോപ്പി പരിശോധന മുതലായവ രോഗനിർണയത്തിന് വേണ്ടിവരും.

വൃക്കകൾക്ക് ഉണ്ടാകുന്ന കാൻസർ അടുത്ത കാലത്ത് കൂടി വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വയറിന് മുകൾഭാഗത്തായിയുള്ള വേദന, മൂത്രത്തിൽ രക്തം കാണുക, വയറിലെ മുഴകൾ മുതലായവയാണ് രോഗലക്ഷണങ്ങൾ. പുകവലി ഒരു പ്രധാന കാരണമാണ്. വൃക്ക പരാജയമുള്ളവരിൽ ഉണ്ടാകുന്ന സിസ്റ്റ് വൃക്കയിലുള്ള കാൻസറിന് കാരണമാകാം. ജനിതക കാരണങ്ങളാലും വൃക്ക കാൻസർ ഉണ്ടാകാം. വൃക്കയിലെ ചെറിയ ട്യൂമറുകൾ നീക്കം ചെയ്താൽ, കല്ലുകൾ പി.സി.എൻ.എൽ ചികിത്സകൊണ്ട് മാറ്റാം. വൃക്കയിലെ ചെറിയ കല്ലുകൾക്ക് ഇ.എസ്.ഡബ്‌ള്യു.എൽ ചികിത്സ ഫലപ്രദമാണ്. ആർ.ഐ.ആർ.എസ്, ലേസർ ചി​കി​ത്സകളും വൃക്കയി​ലെ കല്ലുകൾ ഇല്ലാതാക്കാൻ ഫലപ്രദമാണ്.