road

നെയ്യാറ്റിൻകര: നവീകരണം കഴിഞ്ഞ് അധികം വൈകാതെ മഴയിൽ റോഡ് ഇടിഞ്ഞ് താണു. അശാസ്ത്രീയ നിർമ്മാണമാണ് റോഡ് തകരാൻ കാരണമെന്ന് പ്രദേശവാസികളടക്കമുള്ള യാത്രക്കാർ പരാതിപ്പെടുന്നു.

മാസങ്ങൾക്ക് മുൻപ് റീടാർ ചെയ്ത ചെമ്പരത്തിവിള - വഴുതൂർ - രാമപഥനി റോഡാണ് തകർന്നത്.

മുൻപ് വിണ്ടുകീറി വിള്ളലുണ്ടായിരുന്ന ഭാഗമാണ് ശക്തമായ മഴയെ തുടർന്ന് ഇടിഞ്ഞു താഴ്ന്ന് വലിയ കുഴിയായി മാറിയത്. എട്ട് ലക്ഷം രൂപ മുടക്കിയാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്. റോഡിന്റെ മദ്ധ്യഭാഗമടക്കം കുഴിഞ്ഞ് തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിറുത്തിവച്ചിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ മാത്രമാണ് ഇപ്പോൾ ഇതുവഴി കടന്നുപോകുന്നത്. റോഡിൽ കൂറ്റൻ കുഴികൾ രൂപപ്പെട്ടതിനാൽ കാൽനടയാത്ര പോലും ദുഃസഹമാണ്. റോഡ് അടിയന്തരമായി റീടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.