തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും ഫാം ഹൗസ് പൂർണമായും നശിച്ചു. വെങ്ങാനൂർ കോളിയൂർ വാഴത്തോട്ടത്ത് പ്രവർത്തിച്ചിരുന്ന കമലേശ്വരം സ്വദേശി അനീഷ് എസ്.കെയുടെ ഫാമാണ് തകർന്നത്. മൃഗങ്ങളുടെ കൂടും ഷെഡുകളുമെല്ലാം നിലം പൊത്തി. സമീപത്തെ പുരയിടത്തിൽ നിന്ന വൻമരം കടപുഴകിയതും അപകടം രൂക്ഷമാക്കി. പശു, ആട്, കുതിര, കഴുത എന്നിവയെ വളർത്തുന്ന ഫാമാണ് കനത്ത കാറ്റിലും മഴയിലും നിലംപൊത്തിയത്. മൃഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്.
ഫാമിനുള്ളിൽ 65 സെന്റ് സ്ഥലത്ത് നടത്തിയിരുന്ന മത്സ്യക്കൃഷിയും വെള്ളത്തിൽ മുങ്ങി. വെള്ളായണി പ്രദേശത്ത് കനത്ത വെള്ളപ്പൊക്കമുണ്ടായതോയൊണ് മത്സ്യക്കുളത്തിലും വെള്ളം കയറിയത്. പൂർണ വളർച്ചയെത്തിയ അയ്യായിരത്തോളം അസാം വാളയും എണ്ണായിരത്തോളം തിലാപ്പിയും അയ്യായിരം കരിമീൻ കുഞ്ഞുങ്ങളും, രണ്ടായിരം വരാലും വെള്ളത്തിൽ ഒഴുകിപോയി. 20 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഫാം ഉടമ അനീഷ് പറയുന്നു.