തിരുവനന്തപുരം: ശക്തമായി തുടരുന്ന തിരയടിയിൽ ശംഖുംമുഖത്തെ നിർമ്മിതികളെല്ലാം തകർന്ന് തീരം ഇടിഞ്ഞിറങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടൽക്ഷോഭത്തിന് ഇന്നലെയും കുറവുണ്ടായില്ല. ഒന്നിന് പിറകെ ഒന്നായി എത്തുന്ന തിരകൾ നിർമ്മാണം പുരോഗമിക്കുന്ന ഇരിപ്പിടങ്ങളും പടവുകളും നടവഴിയുമെല്ലാം തകർത്തെറിയുകയാണ്.
അടുത്തിടെ തുടങ്ങിയ നവീകരണത്തിന്റെ ഏറിയപങ്കും കടലെടുത്തു. ശംഖുംമുഖം എയർപോർട്ട് റോഡ് പൂർണമായും ഒലിച്ചുപോയി. ഗതാഗതം നിരോധിച്ചെങ്കിലും സമീവാസികൾ കാൽനടയായി സഞ്ചരിക്കുന്നത് അപകടത്തിന് കാരണമാകുമെന്ന ആശങ്കയുണ്ട്. ടാർ ചെയ്‌ത ഭാഗം മാത്രം മുകളിൽ നിലനിറുത്തി അടിയിലുള്ള മണ്ണ് മുഴുവൻ തിര കാർന്നെടുത്തിരിക്കുകയാണ്. അറിയാതെ ചവിട്ടിയാൽ ടാർ ഇടിഞ്ഞുവീണ് അപകടമുണ്ടാകാനും സാദ്ധ്യതയുണ്ട്.
എയർപോർട്ടിന് അടുത്തായി ഇതേ റോഡിൽ അടുത്തിടെ നവീകരണം ആരംഭിച്ച ഭാഗമെല്ലാം കടലിൽ മുങ്ങിക്കിടക്കുകയാണ്. നിർമ്മാണ വസ്‌തുക്കളടക്കം കടലിലേക്ക് ഇടിഞ്ഞുപോയി. സ്ഥിതി തുടർന്നാൽ ബാക്കിയുള്ള നിർമ്മിതികളും തകരുമോ എന്നാണ് ആശങ്ക.