തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20ന് വൈകിട്ട് 3.30ന് .സെൻട്രൽ സ്റ്റേഡിയത്തിലെ പൊതുവേദിയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 21അംഗ മന്ത്രിസഭ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും.ചടങ്ങിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 500 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് ലോക്ക് ഡൗണും നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗണുമുള്ളതിനാൽ കർശനമായ കൊവിഡ് നിയന്ത്രണങ്ങളുണ്ട്. ചടങ്ങിന് ഇതിൽ ഇളവ് വരുത്തി പ്രത്യേക ഉത്തരവിറക്കി. മന്ത്രിസഭയിലെ അംഗങ്ങളെ ഇന്ന് പ്രഖ്യാപിക്കും.
ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ജനങ്ങളുടെ മദ്ധ്യത്തിൽ, ആഘോഷത്തിമിർപ്പോടെ തന്നെയാണ് നടക്കേണ്ടത്. നിർഭാഗ്യവശാൽ, കോവിഡ് മഹാമാരിയുടെയും പ്രകൃതിക്ഷോഭ ദുരന്തത്തിന്റെയും പശ്ചാത്തലത്തിൽ അങ്ങനെ നടത്താനാവില്ല.സത്യപ്രതിജ്ഞ അൽപ്പം വൈകിച്ചതു പോലും ജനാഭിലാഷം പ്രതിഫലിപ്പിക്കുന്ന വിധത്തിലുള്ള ചടങ്ങിന് അവസരമുണ്ടാകുമോയെന്ന് നോക്കാനാണ്. എന്നാൽ, ഭരണഘടനാപരമായ ഉത്തരവാദിത്തം അനിശ്ചിതമായി വൈകിക്കാനാവില്ല. അതുകൊണ്ടാണ് പരിമിതമായ ചടങ്ങ് നടത്തേണ്ടിവന്നത്.കൊവിഡ് മഹാമാരി അടങ്ങിയ ശേഷം ജനങ്ങളെയാകെ പങ്കെടുപ്പിച്ച് വിപുലമായ ആഘോഷ പരിപാടി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
140 നിയമസഭാ സാമാജികർ,29 എം.പിമാർ.ന്യായാധിപർ, അനിവാര്യരായ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ , ഭരണഘടനാ പദവി വഹിക്കുന്നവർ, പ്രോട്ടോകോൾ പ്രകാരം അനിവാര്യമായവർ, സമൂഹത്തിലെ വിവിധ ധാരകളുടെ പ്രതിനിധികൾ തുടങ്ങി നിർബന്ധമായും പങ്കെടുക്കേണ്ടവർ മാത്രമാണ് ഉണ്ടാവുക.ഇങ്ങനെ നോക്കുമ്പോൾ അഞ്ഞൂറു പേരെന്നത്, മൂന്ന് കോടിയിലേറെ ജനങ്ങളുടെ ഭാഗധേയം നിർണ്ണയിക്കുന്ന പ്രാരംഭഘട്ടത്തിലെ ചടങ്ങിൽ അധികമല്ല.. ഇതുൾക്കൊള്ളാതെ ഇതിനെ മറ്റൊരു വിധത്തിൽ അവതരിപ്പിക്കാൻ ആരും തയ്യാറാകരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
സത്യപ്രതിജ്ഞാചടങ്ങിന് പരമാവധി ആളെ ചുരുക്കും
തിരുവനന്തപുരം: മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് കൊവിഡ് പ്രതിരോധ മുൻകരുതലിന്റെ ഭാഗമായി പരമാവധി ആളുകളെ ചുരുക്കുമെന്ന് ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ഷണക്കത്തുള്ളവർക്കേ പ്രവേശനമുണ്ടാകൂ. അഞ്ഞൂറിൽ താഴെ പേർക്കാണ് ക്ഷണക്കത്തയച്ചിട്ടുള്ളത്. 140 നിയുക്ത എം.എൽ.എമാരെയും 29 എം.പിമാരെയും ക്ഷണിക്കാതിരിക്കാനാവില്ല. സ്ഥാനമൊഴിയുന്ന മന്ത്രിമാരെയും ക്ഷണിക്കണം. കൊവിഡ് പടരാതിരിക്കാൻ ശ്രദ്ധിക്കുകയെന്ന ഉത്തമബോദ്ധ്യത്തോടെ പരമാവധി എല്ലാവരും സഹകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിലേക്ക് എ.കെ.ജി സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയനെ ബൊക്കെ നൽകി വരവേറ്റത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പിന്നാലെ വിജയാഹ്ലാദം പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ചു. കേരള കോൺഗ്രസ്-ബി ചെയർമാനായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചനമർപ്പിച്ചാണ് യോഗം തുടങ്ങിയത്. സത്യപ്രതിജ്ഞ: ലോക്ക് ഡൗണിൽ ഇളവ് വരുത്തി തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. പങ്കെടുക്കുന്നവർ ഉച്ചയ്ക്ക് 2.45ന് മുമ്പായി സ്റ്റേഡിയത്തിൽ എത്തിച്ചേരണം. പരിപാടിക്കായി കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ദുരന്ത നിവാരണവകുപ്പ് ഉത്തരവിറക്കി. നിയുക്ത എൽ.എൽ.എമാർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള സൗകര്യം എം.എൽ.എ ഹോസ്റ്റലിലും സെക്രട്ടേറിയറ്റ് അനക്സ് 1ലും ഏർപ്പെടുത്തിയിട്ടുണ്ട്. അനക്സ് 1, പ്രസ്സ് ക്ലബ് എന്നിവയ്ക്കു എതിർവശത്തുള്ള ഗേറ്റുകൾ വഴിയാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. ക്ഷണക്കത്തിനോടൊപ്പം ഗേറ്റ് പാസും വച്ചിട്ടുണ്ട്. കാർ പാർക്കിംഗ് സൗകര്യം സെക്രട്ടേറിയറ്റ് മെയിൻ കാമ്പസ്, അനക്സ് 2, കേരള യൂണിവേഴ്സിറ്റി കാമ്പസ് എന്നിവിടങ്ങളിലാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 1000 പേർക്ക് ഇരിക്കാവുന്ന സൗകര്യം സ്റ്റേഡിയത്തിലുണ്ടെങ്കിലും 500 പേർ മാത്രമേ പങ്കെടുക്കൂവെന്ന് ഉത്തരവിൽ വ്യക്തമാക്കി. പാസുള്ളവർക്ക് മാത്രം പ്രവേശനം ശാരീരിക അകലം ഉറപ്പ് വരുത്തി മാത്രമായിരിക്കും അകത്തേക്കും പുറത്തേക്കും ആളുകളെ കടത്തിവിടുക. കൊവിഡ് പരിശോധനാ സൗകര്യം സ്റ്റേഡിയത്തിൽ സജ്ജീകരിക്കും ആർ.ടി.പി.സി.ആർ, ട്രൂനാറ്റ്, ആർ.ടി ലാമ്പ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ 48 മണിക്കൂർ മുമ്പ് ലഭ്യമാക്കിയവർക്കും കൊവിഡ് വാക്സിനേഷൻ രണ്ട് ഡോസുമെടുത്തതിന്റെ ഫൈനൽ സർട്ടിഫിക്കറ്റുള്ളവർക്കും മാത്രമേ സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകൂ എല്ലാവരും ഇരട്ട മാസ്ക് നിർബന്ധമായും ധരിച്ചിരിക്കുകയും ചടങ്ങ് തീരുന്നതുവരെ അത് മാറ്റാതിരിക്കുകയും വേണം ലഘു ഭക്ഷണസാധനങ്ങളോ കുടിവെള്ള വിതരണമോ പൊതുവായുണ്ടാകില്ല. സ്റ്റേഡിയത്തിൽ പ്രത്യേക കേന്ദ്രങ്ങളിൽ കുടിവെള്ളം സജ്ജീകരിക്കും. പൊതുഭരണ വകുപ്പിൽ നിന്ന് അനുവദിച്ച കാർ പാസോ ക്ഷണക്കത്തോ ഉള്ളവർക്ക് ചടങ്ങിൽ പങ്കെടുക്കാനായി യാത്ര ചെയ്യാം