pozhiyoor

പാറശാല: ചുഴലിക്കാറ്റ് അകന്നിട്ടും തീരമേഖലയായ പൊഴിയൂരിന്റെ ശനിദോഷങ്ങൾക്ക് അറുതിയില്ല. അതിർത്തിക്കപ്പുറത്ത് തമിഴ്നാട് സർക്കാർ കൃത്രിമ പുലിമുട്ട് നിർമ്മാണം ആരംഭിച്ചതോടെയാണ് പൊഴിയൂരിന്റെ ശനിദിശയ്ക്ക് തുടക്കമായത്. നാലിയിരത്തോളം കുടുംബങ്ങളാണ് പൊഴിയൂരിലുള്ളത്. തമിഴ്നാടിന്റെ പൂലിമുട്ട് നിർമ്മാണം നടക്കുന്നതിനിടയ്ക്ക് പലതവണ കടൽ പൊഴിയൂരിനെ രൂക്ഷമായി ആക്രമിച്ചിരുന്നു. ഇതിന്റെ ഫലമായി കടൽഭിത്തി തകരുകയും തീരം കടലെടുക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെയും പ്രദേശവാസികളുടെയും ഇടയിൽ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് തമിഴ്നാട് സ‌ർക്കാരുമായി വേണ്ടത്ര ചർച്ചയോ നടപടികളോ ഉണ്ടായിട്ടില്ല. നിലവിൽ തിമിഴ്നാട് സർക്കാർ പൂലിമുട്ട് നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ വേലിയേറ്രത്തിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമ്മിച്ചിരുന്ന വലപിരിക്കൽ കേന്ദ്രവും തീരങ്ങളും ഇല്ലാതായിരുന്നു. എന്നാലിപ്പോൾ മുപ്പതിൽപ്പരം മത്സ്യത്തൊഴിലാളികളുടെ വീടുകളും തമിഴ്നാടിനെ കേരളവുമായി ബന്ധിപ്പിക്കുന്ന തീരദേശറോഡും കടലെടുത്തു. മാത്രമല്ല ഓഖി പാർക്കും കടലെടുത്തിരിക്കുകയാണ്. ശക്തമായ കടൽഭിത്തി നിർമ്മിച്ചില്ലെങ്കിൽ നിലവിലെ സ്ഥിതിതന്നെയാകും തുടരുക. ഇവർക്കായി സർക്കാർ സംരക്ഷണം ഒരുക്കാത്തപക്ഷം മത്സ്യത്തൊഴിലാളികൾ ജീവിക്കാനായി മറ്റ് വഴികൾ തേടേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

 ഫ്ലാറ്റ് അടഞ്ഞുതന്നെ

മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ നിർമ്മിച്ച ഫ്ളാറ്റിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും വൈദ്യുതിയും വെള്ളവും ലഭ്യമാകാത്തതിനാൽ ഇവർക്കായി വിട്ടുനൽകിയിട്ടില്ല. ടൗക്‌തേ ചുഴലിക്കാറ്റിൽ വീടുകൾ നശിച്ചവർ പ്രദേശത്തെ നാല് സ്കൂളുകളിലെ ക്യാമ്പുകളിൽ താത്കാലിക അഭയം തേടിയിട്ടുണ്ട്. ഇവിടം വിട്ടാൽ ഇനി എങ്ങോട്ടെന്ന ചോദ്യമാണ് ഇവരുടെ മുന്നിലുള്ള പ്രതിസന്ധി. ക്യാമ്പുകളിൽ കഴിയുന്ന ഇവർക്ക് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അടിയന്തര നടപടികൾ ഉണ്ടായാൽ മാത്രമേ മേൽഗതി ഉണ്ടാവുകയുള്ളു. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.