arayoor-scb

പാറശാല: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാരം ഏറ്റെടുത്ത് ആറയൂർ സർവീസ് സഹകരണ ബാങ്ക് ടാസ്ക് ഫോഴ്സ്. ആറയൂരിൽ ബാങ്കിന്റെ പരിധിയിലുള്ള 12 വാർഡുകളിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാരമാണ് ബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള പ്രത്യേക ടാസ്ക് ഫോഴ്സ് ടീം ഏറ്റെടുത്ത് നടത്തുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് പ്രദേശത്തെ രോഗികൾക്കായി ബാങ്കിന്റെ നേതൃത്വത്തിൽ ഹെല്പ് ഡെസ്കിന് രൂപം നൽകിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്ക് രോഗികൾക്കായി ആംബുലൻസ് സൗകര്യം,​ അണുനശീകരണം,​ കൊവിഡ് രോഗികളുടെ സംസ്കാരം എന്നിവ ഏറ്റെടുത്ത് നടത്തുന്നത്. ക്രൈസ്റ്റ് നഗർ ഷാജി, വട്ടവിള രാഹുൽരാജ്, ആശമം അനിൽ, മര്യാപുരം ലീൻരാജ്, മര്യാപുരം രാജേഷ്, പൊൻവിള ജയ്സൻ എന്നിവരാണ് സംസ്‌കാരത്തിനായി രൂപീകരിച്ചിട്ടുള്ള ടീമിലെ അംഗങ്ങൾ.