ആലുവ: സ്മാർട്ട് ഫോൺ, വാട്ട്‌സാപ്പ്, ഇ മെയിൽ, ഫേസ് ബുക്ക് അങ്ങനെ നവമാധ്യമങ്ങളും വിവര സാങ്കേതികവിദ്യകളും നിറഞ്ഞു നിൽക്കുന്ന വർത്തമാനകാലത്ത് ഇപ്പോഴും തപാൽ കത്തുകളിലൂടെ വിവരങ്ങൾ കൈമാറുന്നതിൽ സന്തോഷം കണ്ടെത്തുകയാണ് ആലുവ തുരുത്ത് ആയില്യത്തിൽ എ.എസ്. സുഗതൻ. ട്രിപ്പിൾ ലോക്ക് ഡൗൺകാലമായിട്ടും സുഗതന്റെ കത്തെഴുത്തിന് മാറ്റമില്ല.
പോസ്റ്റൽ കാർഡുകളാണ് കത്തെഴുത്തിനായി കൂടുതലും ഉപയോഗിക്കുന്നത്. ചെലവു കുറവായതാണ് കാർഡ് കൂടുതൽ ഉപയോഗിക്കാൻ കാരണം. ബന്ധുമിത്രാദികളോടുള്ള സ്‌നേഹ സംഭാഷണങ്ങൾ പോലും സുഗതൻ നടത്തുന്നത് കത്തുകളിലൂടെയായാണ്. സുഗതന്റെ കാർഡുകൾക്ക് മറുപടി പോസ്റ്റൽ കത്തിലൂടെ തന്നെ ലഭിക്കുന്നതാണ് അദ്ദേഹത്തിന് കൂടുതൽ സന്തോഷം. എന്നാൽ ഏറെപേരും ഫോണിലൂടെയാകും മറുപടിയറിയിക്കുക. തിരക്കുപിടിച്ച ജീവിതത്തിൽ കത്തുകളയയ്ക്കാൻ അവർക്ക് സമയവും സന്ദർഭവും കണ്ടെത്താൻ പ്രയാസമായതുകൊണ്ടാകാം എന്ന നിഗമനത്തിൽ അതിൽ പരിഭവവും പ്രകടിപ്പിക്കാറില്ല.
14 വയസ്സിൽ തുടങ്ങിയ തപാലെഴുത്തു ശീലം 74 വയസിലും മുടക്കമില്ലാതെ തുടരുകയുമാണ്. കുട്ടികൾക്കും, വിദ്യാർത്ഥികൾക്കും കത്തെഴുതുന്നത് അദ്ദേഹത്തിന് പ്രത്യേക ഇഷ്ടമാണ്. അവർക്ക് എഴുത്തുകൾ വായിക്കാനും എഴുതാനും ഇത് പ്രേരണയാക്കുമെന്നാണ് അദ്ദേഹം പറയുന്നത്. എഴുത്തും വായനയും കുട്ടികളിൽ ശീലമാകാൻ തന്റെ കത്തുകൾ ഒരു പരിധിവരെ പ്രോൽസാഹനമാകുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വർഷങ്ങളായി താൻ അയച്ച കത്തുകൾ സൂക്ഷിച്ചുവച്ചിട്ടുള്ള വിദ്യാർത്ഥികളുമുണ്ട്. പണമിടപാടുകളാണെങ്കിൽ മണിയോർഡറുകളാണ് ഏറെ പ്രിയം.
മൊബൈൽ ഫോൺ സാധാരണ ഉപയോഗിക്കുന്നുണ്ടെങ്കിലും ദീർഘസംഭാഷണങ്ങൾ പരമാവധി കുറയ്ക്കും. അത്യാവശ്യ വിവരങ്ങൾ അറിയുക, അറിയിക്കുക എന്നതാണ് ഫോണിലൂടെയുള്ള രീതി. സംസ്ഥാന ജലസേചന വകുപ്പിൽ നിന്ന് വിരമിച്ചശേഷം ജൈവകൃഷി ചെയ്തു വരികയാണിപ്പോൾ. ബാക്കി സമയം പുസ്തക വായനയ്ക്കും കത്തെഴുത്തിനുമായി മാറ്റി വയ്ക്കും.