lorry

കണ്ണൂർ: ജനങ്ങളെ പരിഭ്രാന്തിയിലാക്കി കണ്ണൂർ നഗരത്തിൽ വീണ്ടും പാചക വാതക ടാങ്കർലോറി അപകടത്തിൽ പെട്ടു. പുതിയ തെരു ധനരാജ് ടാക്കീസിന് സമീപം കടയിലേക്കാണ് ടാങ്കർ ലോറി ഇടിച്ചു കയറിയത്. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ടാങ്കറിൽ ഗ്യാസ് ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഗ്യാസ് നിറയ്ക്കാനായി മംഗലാപുരത്തേക്ക് പോവുകയായിരുന്നു ലോറി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറയുന്നു.

മംഗലാപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി പുലർച്ചെ മൂന്ന് മണിയോടെ മേലേ ചൊവ്വയിൽ വച്ചാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇറക്കത്തിൽ റോഡിൽ നിന്ന് തെന്നിമാറിയ വാഹനം മൺ തിട്ടയിലേക്ക് ചെരിഞ്ഞു. വാതക ചോർച്ച ഉണ്ടാകാത്തത് അപകടം ഒഴിവാക്കി. രാവിലെ രണ്ട് ക്രെയിനുകളെത്തിച്ചാണ് ടാങ്കർ ഉയർത്തിയത്. ഒരാഴ്ച മുമ്പാണ് ഇതിന് തൊട്ടടുത്ത് ചാലയിൽ ടാങ്കർ മറിഞ്ഞ് വാതക ചോർച്ചയുണ്ടായിരുന്നു. കനത്ത ജാഗ്രതയാണ് അന്ന് ദുരന്തങ്ങൾ ഒഴിവാക്കിയത്. റോഡിന്റെ അശാസ്ത്രീയ നിർമ്മാണമാണ് അപകടം തുടരുന്നതിന് കാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്.