advocate

മാറ്റങ്ങൾക്കൊപ്പം മാറാത്തവർ കാലക്രമേണ മാറ്റിനിറുത്തപ്പെടും എന്നത് ലോകത്തിന്റെ ഗതിവിഗതികളും ചരിത്രവും നിരീക്ഷിക്കുന്ന ഏത് സാധാരണക്കാരനും ബോദ്ധ്യമാകുന്ന കാര്യമാണ്. കൊവിഡിന്റെ വ്യാപനം തുടങ്ങിയിട്ട് ഒന്നര വർഷത്തോളമായി. അതിനിടയിൽ അതിന് മുൻപ് നമ്മൾ ചിന്തിക്കാൻ പോലും തയ്യാറാകാതിരുന്ന പല മാറ്റങ്ങളും ഇവിടെ സംഭവിച്ചു. വിദ്യാർത്ഥികൾ വീട്ടിലിരുന്ന് പഠിക്കുന്നു. മീറ്റിംഗുകൾ മിക്കതും വെർച്വലായി. സുപ്രീംകോടതി വരെ വെർച്വലായി കേസ് കേൾക്കാൻ തുടങ്ങി.

മഹാമാരിയുടെ വ്യാപനമാണ് തിടുക്കപ്പെട്ട ഈ മാറ്റങ്ങൾക്കെല്ലാം ഇടയാക്കിയത്. ലോകവും കാലവും കൊവിഡിന് മുൻപും ശേഷവും എന്നായി വിഭജിക്കപ്പെടാതെ തരമില്ല. ഈ പശ്ചാത്തലത്തിൽ രാജ്യത്തെ കോടതി നടപടികൾക്കും മാറാതിരിക്കാനാവില്ല. കൊവിഡിനേക്കാളേറെ പുതിയ കാലം ആവശ്യപ്പെടുന്നതാണ് ഇ - ഫയലിംഗിലേക്കുള്ള മാറ്റം. കോടതി സമുച്ചയങ്ങൾ മഹാമാരിയുടെ വ്യാപന കേന്ദ്രമാക്കി മാറ്റണോ വേണ്ടയോ എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് ഇ - ഫയലിംഗ്.

ഹൈക്കോടതി ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ കോടതികളും ഇ - ഫയലിംഗിലേക്ക് ചുവടുമാറിയെങ്കിലും അഭിഭാഷക സംഘടനകൾ ഇതിനോട് മുഖംതിരിച്ച് നിൽക്കുകയാണ്. ലോക്ക് ഡൗൺ സാഹചര്യവും മറ്റ് പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് ഇത് നടപ്പാക്കുന്നത് ആറുമാസത്തേക്ക് നീട്ടിവയ്ക്കണമെന്ന് കേരള ബാർ കൗൺസിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകിയിരിക്കുകയാണ്. കുറച്ച് സമയം കൂടി കഴിഞ്ഞ് പുതിയ സംവിധാനം നടപ്പാക്കിയാൽ മതിയെന്ന് അഡ്വക്കേറ്റ്‌സ് ക്ളാർക്ക് അസോസിയേഷനും നിവേദനം നൽകി.

പഴയ രീതിയിൽ നിന്ന് ആധുനികമായ മറ്റൊന്നിലേക്ക് മാറുമ്പോൾ എതിർപ്പ് ഉയരുക സ്വാഭാവികമാണ്. പക്ഷേ ആരെതിർത്താലും നടക്കാനുള്ളതൊക്കെ ലോകത്ത് നടക്കാതെ പോകില്ല. കമ്പ്യൂട്ടറിനെയും ട്രാക്ടറിനെയും മറ്റും എതിർത്തവരെ നമുക്കറിയാം. കാലക്രമേണ അവരെല്ലാം അത് സ്വീകരിക്കാൻ ബാദ്ധ്യസ്ഥരായി.

സാങ്കേതികമായ പരിജ്ഞാനത്തിലേക്ക് അതിവേഗമാണ് പുതിയ തലമുറ കടന്നുവരുന്നത്. എന്നാൽ സീനിയറായ അഭിഭാഷകരിൽ പലർക്കും സാങ്കേതിക കാര്യങ്ങളിൽ പരിജ്ഞാനവും പരിശീലനവും കുറവാണ്. അതിന്റെ പേരിൽ ഇത് മാറ്റിവയ്ക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ല. അത് പരിഹരിക്കാൻ ഹൈക്കോടതി മുൻകൈ എടുത്ത് എല്ലാ കോടതി വളപ്പുകളിലും ഇ - സേവാ കേന്ദ്രങ്ങൾ തുറന്നാൽ മതി.

ഇ - ഫയലിംഗ് വന്നാൽ കേസുകെട്ടുകളും കടലാസുമില്ലാത്ത കോടതികളാവും വരാൻ പോകുക. എവിടെ നിന്നും കേസുകൾ ഫയൽ ചെയ്യാനാകും. ഞായറാഴ്ചയും അവധിയുമൊന്നും അതിന് ബാധകമാകില്ല. കേസുകൾ വീഡിയോ കോൺഫറൻസിംഗ് മുഖേന പരിഗണിക്കുമ്പോൾ ഫയൽ നീക്കം തടസമാവില്ല. ഏറ്റവും വലിയ നേട്ടം കോടതിക്കും അഭിഭാഷകർക്കും കക്ഷികൾക്കും സമയനഷ്ടം ഒഴിവാക്കാനാവും എന്നതാണ്. നിലവിൽ ജാമ്യാപേക്ഷകൾ ഇത്തരത്തിൽ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

കക്ഷികളെ പറഞ്ഞ് പറ്റിക്കുകയും വട്ടം കറക്കുകയും ചെയ്യുന്ന ചുരുക്കം ചിലർക്ക് ഇത് ബുദ്ധിമുട്ടാകും. കാരണം ഇ - ഫയലിംഗിന്റെ മുഖമുദ്ര‌കളിലൊന്ന് സുതാര്യതയാണ്. കോടതി ഫീസ് അടയ്ക്കുന്നത് ഓൺലൈൻ മുഖാന്തരമായിരിക്കും. അതും കേസ് മാറ്റിവച്ച തീയതിയും കക്ഷികൾക്ക് പരിശോധിച്ച് അറിയാനും കഴിയും. ഇതൊക്കെ പുതിയ കാലത്തിന്റെ മാറ്റങ്ങളാണ്.

സാങ്കേതിക കാര്യങ്ങളിലുള്ള പരിജ്ഞാനം മൂലം കേസ് ജയിക്കാൻ പോകുന്നില്ല. അതിന് നിയമ പരിജ്ഞാനവും വിശകലന ബുദ്ധിയും അവതരണ മികവുമൊക്കെ കൂടിയേ തീരൂ. അതു കൈമുതലായുള്ള സീനിയർ അഭിഭാഷകർ ഇതിനെ ഭയക്കേണ്ടതില്ല. ഇന്ന് നാം ചെയ്യുന്ന കാര്യങ്ങളാണ് നമ്മുടെ നാളെകളെ രൂപപ്പെടുത്തുന്നത്.