waste

കാട്ടാക്കട: കാട്ടാക്കട ഗ്രാമപഞ്ചായത്ത്‌ എട്ടിരുത്തിയിൽ എള്ളുവിള കുളത്തിന് സമീപത്തെ തോട്ടിൽ മാലിന്യം ഒഴുക്കി വിടുന്നതായി പരാതി. എള്ളുവിളയിൽ നിന്ന് അന്തിയൂർകോണം ഭാഗത്തേക്ക് ഒഴുകുന്ന തോട്ടിലാണ് മലിനജലം പതിക്കുന്നത്. കാട്ടാക്കടയിലെ പ്രമുഖ ആശുപത്രിയിലെ സെപ്ടിക് ടാങ്ക് മാലിന്യം ഉൾപ്പടെ ഈ തോട്ടിലേക്ക് ഒഴുക്കി വിടുന്നതായിട്ടാണ് പരാതിയുള്ളത്. നിരവധിപേർ ആശ്രയിക്കുന്ന തോടാണ് ഇപ്പോൾ മലിനജലം ഒഴുകി മലിനമായിരിക്കുന്നത്. തോട്ടിലേക്ക് മലിനജലം ഒഴുക്കിവിടുന്നത് പ്രദേശവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തോട്ടിലേക്ക് ഒഴുകുന്ന ജലം സമീപത്തെ കുളത്തിലും ഒഴുകിയെത്തുന്നുണ്ട്. എന്നാൽ ആശുപത്രിയിലെ മാലിന്യം തോട്ടിലേക്കൊഴുക്കുന്നില്ലെന്നാണ് ആശുപത്രി ആധികൃതർ പറയുന്നത്. എന്നാൽ തോട് മലിനമാകുന്നതെങ്ങനെയെന്ന് കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.