ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യമന്ത്രാലയം സ്പെഷ്യൽ സെക്രട്ടറിയും കേരള കേഡർ എെ.എ.എസ് ഉദ്യോഗസ്ഥനുമായ ഒഡീഷ സ്വദേശി എഡ്വിൻ കുൽഭൂഷൺ മാജി(ഇ.കെ. മാജി) അന്തരിച്ചു.
കൊവിഡ് ബാധിച്ച് ഗാസിയബാദിലെ യശോദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച രാത്രി മരണം സംഭവിക്കുകയായിരുന്നു. ഭാര്യ രശ്മി മാജിക്കും കൊവിഡ് ബാധിച്ചിരുന്നെങ്കിലും സുഖപ്പെട്ടു. മകൾ: പി.ജി വിദ്യാർത്ഥി റ്വിതിക മാജി.
1989 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥാനായ മാജി 2018ലാണ് കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിൽ പോയത്. ഫെബ്രുവരിയിലാണ് സെക്രട്ടറി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. രണ്ടരവർഷം കൂടി സർവീസ് ബാക്കിയുണ്ടായിരുന്നു. കേരളത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, തിരുവനന്തപുരം കളക്ടർ, കൃഷി സെക്രട്ടറി, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, പി.ആർ.ഡി സെക്രട്ടറി, ഫിഷറീസ് ഡയറക്‌ടർ, കോഒാപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ആലപ്പുഴ സബ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
ഒഡീഷയിലെ സുന്ദർഗഡിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട, ജനതാപാർട്ടി നേതാവായിരുന്ന സ്വാതന്ത്ര്യ സമര സേനാനി ഇഗ്നേസ് മാജിയുടെ മകനാണ്. ഇ. കെ. മാജിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തികഞ്ഞ അച്ചടക്കമുള്ള ഉദ്യോഗസ്ഥനും കഠിനാദ്ധ്വാനിയുമായിരുന്നു മാജിയെന്ന് അൽഫോൺസ് കണ്ണന്താനം അനുസ്മരിച്ചു. ഒരു വിവാദങ്ങളിലും ഉൾപ്പെടാതെ എന്നാൽ, ആർക്കും വഴങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു മാജിയെന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ് പറഞ്ഞു.