kdvr

അഞ്ചുതെങ്ങ്: വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് മേഖലകളിൽ പൊതുശ്മശാനം വേണമെന്നാവശ്യം ശക്തമാകുന്നു. അഞ്ചുതെങ്ങ് പോലുള്ള തീരദേശ മേഖല ജനസാന്ദ്രത കൂടിയ പ്രദേശമായതിനാൽ രണ്ട്, മൂന്ന് സെന്റുകളിലാണ് പലരുടെയും താമസം. ഇവിടെ സംസ്കാരത്തിനുള്ള സൗകര്യമില്ല. ചിറയിൻകീഴ് താലൂക്കിലുൾപ്പെട്ട പ്രദേശമാണിവിടം. ആറ്റിങ്ങൽ നഗരസഭയിലും കിളിമാനൂരിലും മാത്രമാണ് ഇപ്പോൾ പൊതുശ്മശാനമുള്ളത്. ഇവിടേക്കുള്ള ദൂരം കൂടുതലായതിനാൽ തീരദേശമേഖലയിലുള്ളവർ ബുദ്ധിമുട്ടിലാണ്.

എല്ലാ പഞ്ചായത്തിലും പൊതുശ്മശാനം വേണമെന്നിരിക്കെ വർക്കല താലൂക്കിൽ പെട്ട ഒരു പഞ്ചായത്തിലും പൊതുശ്മശാനമില്ല.

കിളിമാനൂരിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമീപ പഞ്ചായത്തുകളുമായി സഹകരിച്ചാണ് ക്രിമിറ്റോറിയം ആരംഭിച്ചത്. ഇവിടെ ഗ്യാസ് ഇലക്ട്രിക്കൽ ക്രിമിറ്റോറിയം സജ്ജമാണ്. വർക്കല, ചിറയിൻകീഴ് താലൂക്കുകളിലുള്ളവരും മറ്റും ഇവിടെയാണ് ആശ്രയിക്കുന്നത്. കൊവിഡ് മരണനിരക്ക് ഉയർന്നതോടെ മൃതശരീരങ്ങൾ സംസ്കരിക്കുന്നതിന് കാത്തുനിൽക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ആറ്റിങ്ങൽ നഗരസഭയിൽ ഗ്യാസ് ക്രിമിറ്റോറിയം 2020 അവസാനത്തോടെ ഉദ്ഘാടനം നടന്നെങ്കിലും ഇപ്പോഴും സംസ്കരിക്കുന്നത് വിറകിലാണ്. കൂടാതെ നഗരസഭ പരിധിയിലുള്ള മൃതദേഹം മാത്രമാണ് ഇവിടെ സംസ്കരിക്കുന്നത്. ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ ബ്ലോക്കുകളുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തുകളുമായി സഹകരിച്ച് പൊതുശ്മശാനം ആരംഭിക്കുകയാണെങ്കിൽ ഒരു പരിധിവരെ ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും.

നിലവിൽ ആശ്രയിക്കുന്നത് - കിളിമാനൂരിൽ

ഇവിടേക്കുള്ള ദൂരം കൂടുതൽ - തീരദേശവാസികൾ ദുരിതത്തിൽ

കൊവിഡ് മരണനിരക്ക് ഉയരുന്നു - മൃതദേഹങ്ങൾ സംസ്കാരിക്കുന്നത് വെല്ലുവിളിയാകുന്നു

സ്ഥലം കണ്ടെത്തിയെങ്കിലും

ചിറയിൻകീഴ്, കിഴുവിലം ഗ്രാമപഞ്ചായത്ത് ഉൾപ്പെട്ട പൂവിളക്കുന്നിൽ 30 സെന്റ് സ്ഥലം പൊതുശ്മശാനത്തിന് വേണ്ടി കണ്ടെത്തിയിട്ട് വർഷങ്ങളായി എന്നാൽ പദ്ധതി നടപ്പിലായിട്ടില്ല. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ഭരണസമിതി പന്ത്രണ്ടാം വാർഡിൽ 28 സെന്റ് സ്ഥലം കണ്ടെത്തിയെങ്കിലും നാട്ടുകാരുടെയും ചില പ്രാദേശിക രാഷ്ട്രീയക്കാരുടെയും എതിർപ്പിനെത്തുടർന്ന് നടപ്പിലായില്ല