അപകടം പറ്റിയ ഒരാളെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനോ വേഗത്തിൽ ചികിത്സ ആരംഭിക്കാനോ എളുപ്പമല്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കരുതലോടെ കാര്യങ്ങൾ നീക്കിയില്ലെങ്കിൽ നിസ്സാര അപകടം പോലും ജീവഹാനിക്ക് ഇടവരുത്തുന്ന
സാഹചര്യമാണ് കൊവിഡ് കാരണം നിലനിൽക്കുന്നത്.
അതിനാൽ, ചെറിയ അപകടങ്ങൾപോലും സംഭവിക്കാതിരിക്കാനുള്ള സൂക്ഷ്മത ഓരോ പ്രവൃത്തിയിലും അനിവാര്യമാണ്.
അതിൽ വലിയ ശ്രദ്ധ വേണ്ടത് വാഹന അപകടങ്ങൾ ഒഴിവാക്കാനാണ്. തിരക്കില്ലാത്ത റോഡുകളിൽ കൗതുകത്തിനായി വേഗം വർദ്ധിപ്പിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. വാഹനത്തിന്റെ കാര്യക്ഷമത മനസ്സിലാക്കിയല്ല പലരും അത് കൈകാര്യം ചെയ്യുന്നത്. രണ്ടോ മൂന്നോ വരികളിലായി യാത്രചെയ്യാവുന്ന വൺവേ റോഡുകളിൽ ഏതുവശം ചേർന്നാണ് വാഹനം ഓടിക്കേണ്ടതെന്ന് പോലും അറിയാത്തവർ നിരവധിയാണ്.
അപകടമുണ്ടായാൽ ആശുപത്രിയിലെത്തിക്കാൻ വാഹനസൗകര്യമോ, സഹായികളോ ഉണ്ടാവണമെന്നില്ല.
കൃത്യസമയത്ത് ചികിത്സ കിട്ടിയില്ലെങ്കിൽ തലയിലും മറ്റുമുണ്ടാകുന്ന രക്തസ്രാവം പെട്ടെന്നുതന്നെ അപകടത്തിലേക്ക് നയിക്കാം.
മഴക്കാലമായതോടെ ജലാശയങ്ങളിലും മറ്റുമുള്ള കുളിയും കളികളും മീൻപിടുത്തവും കാരണമുള്ള അപകടങ്ങളിൽ അകപ്പെട്ട് ജീവൻ നഷ്ടമാകുന്നവരുടെ കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരികയാണ്.
അവർക്കൊപ്പമുള്ള മുതിർന്നവർക്ക് പോലും കുട്ടികളെ രക്ഷപ്പെടുത്താൻ സാധിക്കാതെ വരുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. അതിനാൽ, പരിക്ക് പറ്റാൻ സാദ്ധ്യതക്കുറവുള്ള ഇൻഡോർ ഗെയിമുകൾ ശാരീരിക അകലം പാലിച്ച് ആകാവുന്നതാണ്.
കൊവിഡിന് പ്രാധാന്യം നൽകാൻ തുടങ്ങിയതോടെ നിലവിലെ പല ചികിത്സകളും ഒതുങ്ങിപ്പോയിട്ടുണ്ട്. ഇത് കാരണം ജീവിതശൈലിരോഗങ്ങൾ അനിയന്ത്രിതമായ അവസ്ഥയിലേക്ക് മാറിയിട്ടുമുണ്ട്.
നേരത്തെ കൊവിഡ് വന്നവരിലും വാക്സിനേഷൻ എടുത്തവരിലും ചിലർ 'ഇനി കോവിഡ് വരാനിടയില്ല' എന്നുകരുതി നാട്ടിൽ മുഴുവൻ ഇറങ്ങിനടന്ന്
അപകടത്തിൽ ചെന്ന് ചാടുന്നുണ്ട്. ബ്രേക്ക് ദ ചെയിൻ നിർദ്ദേശം കാറ്റിൽ പ്പറത്തി അലസമായി ജീവിക്കുന്നവരും കുറവല്ല.
അലർജിക്ക് കാരണമാകുന്ന ആഹാരവും മറ്റു വസ്തുക്കളും പ്രത്യേകിച്ച്, മുടി ഡൈ ചെയ്യുന്ന വസ്തുക്കൾ ഉൾപ്പെടെ വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ. ഒരിക്കലെങ്കിലും അലർജിയുണ്ടാക്കിയ ആഹാരമോ മറ്റു വസ്തുക്കളോ എന്തിന്, മരുന്നുപോലും ഒരിക്കൽ കൂടി പരീക്ഷിച്ചു നോക്കാൻ പാടില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ലോക്ക് ഡൗൺ കാരണം ഗാർഡനിംഗ്, കൃഷി തുടങ്ങിയവ കുറച്ചുപേർക്കെങ്കിലും പ്രേരണ നൽകിയെന്നത് നല്ലകാര്യം.
എന്നാൽ, അതിനായി ഉപയോഗിക്കുന്ന മൂർച്ചയേറിയ വസ്തുക്കളും പണിയായുധങ്ങളും സൂക്ഷ്മതയോടെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
മഴക്കാലം കൂടി ആകുമ്പോൾ അപകട സാദ്ധ്യത വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. എല്ലാ മേഖലയിലെയും പ്രവർത്തനങ്ങളിൽ ഒരു പ്രത്യേക ശ്രദ്ധയും കരുതലും ഓരോ നിമിഷവും ഉണ്ടായിരുന്നാൽ മാത്രമേ അപകടങ്ങൾ ഒഴിവാക്കാൻ കഴിയൂ. ഇക്കാര്യങ്ങൾ ഗൗരവമായിത്തന്നെ മനസിലുണ്ടാകണമെന്ന് മാത്രം.
ഭക്ഷകാര്യത്തിൽ
ശ്രദ്ധവേണം
ചില ഭക്ഷണങ്ങൾ അപകടങ്ങൾ വരുത്തിവയ്ക്കുന്നവയാണ്. മുമ്പ് അലർജിയുണ്ടെന്ന് മനസിലാക്കിയവയെ വളരെ സൂക്ഷിക്കേണ്ടതാണ്. ലോക്ക് ഡൗൺ കാരണം വീട്ടിലെ പല അടുക്കളകളിലും പലവിധത്തിലുള്ള പാചക പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, അതിനായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കൾ പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അതായത് ഭക്ഷ്യവിഷബാധയ്ക്കുള്ള സാദ്ധ്യത ഒഴിവാക്കണമെന്ന് സാരം.