തിരുവനന്തപുരം: അബുദാബി ശക്തി തിയേറ്റേഴ്സിന്റെ ശക്തി ടി.കെ.രാമകൃഷ്ണൻ സാംസ്‌കാരിക പുരസ്‌കാരത്തിന് സാഹിത്യകാരൻ ടി. പത്മനാഭൻ അർഹനായി. അരലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.
വിജ്ഞാന സാഹിത്യത്തിനുള്ള പുരസ്‌കാരം ഡോ. അനിൽ വള്ളത്തോളിനും (എഴുത്തച്ഛൻ എന്ന പാഠപുസ്തകം) കഥയ്ക്കുള്ളത് ജോൺസാമുവലിനും (യഥാസ്തു) നോവലിനുള്ളത് എൽ. ഗോപീകൃഷ്ണനും (ഞാൻ എന്റെ ശത്രു) ലഭിച്ചു.
കവിതാ പുരസ്‌കാരം ഡോ. ദേശമംഗലം രാമകൃഷ്ണനും (എന്നെ കണ്ടുമുട്ടാനെനിക്കാവുമോ) ഇ. സന്ധ്യയും (അമ്മയുള്ളതിനാൽ) പങ്കിട്ടു. ബാലസാഹിത്യത്തിനുള്ള അവാർഡ് കലവൂർ രവികുമാറിന്റെ "ചൈനീസ് ബോയ്" എന്ന കൃതിക്കാണ്.
നിരൂപണത്തിനുള്ള ശക്തി തായാട്ട് അവാർഡ് ഡോ. സന്തോഷ് പള്ളിക്കാട് (പുരാവൃത്തവും കവിതയും) ടി. നാരായണൻ (കൃതികൾ മനുഷ്യകഥാനുഗായികൾ) എന്നിവർ പങ്കിട്ടു. ഇതര സാഹിത്യത്തിനുള്ള ശക്തി എരുമേലി അവാർഡ് ഭാസുരാദേവി (പി.കെ. കുഞ്ഞച്ചന്റെ ഭാസുര ഓർമകൾ), ഡോ. ഗീനാകുമാരി (സുശീല ഗോപാലൻ ജീവിതകഥ) എന്നിവർ പങ്കിട്ടു. നാടകത്തിനുള്ള അവാർഡ് ടി. പവിത്രൻ (പ്രാപ്പിടിയൻ), ചേരമംഗലം ചാമുണ്ണി (ജീവിതത്തിന്റെ ഏടുകൾ) എന്നിവർക്കാണ്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് അവാർഡുകൾ. അർഹതപ്പെട്ട രണ്ടുപേരുള്ള ഇനങ്ങളിൽ തുക വീതിച്ചു നൽകും.