തിരുവനന്തപുരം: തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധി ആവിഷ്‌കരിച്ച പദ്ധതികൾ പിന്നീട് സംസ്ഥാന സർക്കാർ നടപ്പാക്കിയെന്നതിന്റെ ഖ്യാതിയിലൂടെയാണ് നിയുക്ത മന്ത്രി ജി.ആർ.അനിലിൽ വ്യത്യസ്തനാകുന്നത്. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരിക്കേ സംസ്ഥാനത്തിന് മാതൃകയായ നിരവധി പദ്ധതികൾ നടപ്പാക്കി അവാർഡുകളും പൊതുജനാംഗീകാരങ്ങളും നേടിയ അനിൽ മിന്നുന്ന കന്നിവിജയത്തിന്റെ തിളക്കത്തിൽ മന്ത്രി പദവിയിലേക്ക് .
2005 ൽ തുടർച്ചയായ രണ്ടാംവട്ടം കൗൺസിലറായ ജി.ആർ.അനിൽ ആരോഗ്യ- വിദ്യാഭ്യാസ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാനായതോടെ നടപ്പാക്കിയ ശ്രദ്ധേയമായ പദ്ധതികൾ പിന്നീട് മറ്റു തദ്ദേശ സ്ഥാപനങ്ങളും സർക്കാരും ഏറ്റെടുത്തു. പ്രഭാത ഭക്ഷണം കഴിക്കാൻ കഴിവില്ലാതെ സ്‌കൂളിലെത്തുന്ന കോർപ്പറേഷൻ പരിധിയിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്കടക്കം ഉഴുന്ന് ചേർന്ന പ്രഭാതഭക്ഷണം നൽകാനുള്ള തീരുമാനമാണ് ഇതിലൊന്ന്. പ്രഭാതഭക്ഷണം കഴിക്കാത്ത കുട്ടികളുടെ ബുദ്ധിവളർച്ച കുറയുന്നുവെന്ന ശിശുരോഗ വിദഗ്ധരുടെ അഭിപ്രായമാണ് ഇത്തരം പദ്ധതി ആവിഷ്‌കരിക്കാൻ അനിലിന് പ്രേരണയായത്.

പി.ടി.എയുടെ സഹകരണത്തോടെ സ്‌കൂളുകളിൽ പദ്ധതി നടപ്പിലാക്കിയെങ്കിലും ആദ്യഘട്ടത്തിൽ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം പോലും ലഭിച്ചിരുന്നില്ല. പദ്ധതിയുടെ വിജയത്തെത്തുടർന്നാണ് അംഗീകാരം നൽകിയത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ.ബേബി പിന്നീട് സംസ്ഥാനമെമ്പാടും ഇത് നടപ്പാക്കി.

വീടുകളിൽ നിന്നുള്ള ജൈവമാലിന്യങ്ങൾ റോഡരികിൽ കുമിഞ്ഞു കൂടുന്നത് ബാദ്ധ്യതയായപ്പോൾ കുടുംബശ്രീ വഴി ശേഖരിച്ച് സംസ്കരിക്കുന്ന പദ്ധതിയും ജി.ആർ.അനിലാണ് കോർപ്പറേഷനിൽ നടപ്പാക്കിയത്. കോട്ടൺഹിൽ ഗേൾസ് സ്‌കൂളിലടക്കമുള്ള കൗമാരക്കാർക്ക് മാനസിക പിരിമുറുക്കം കുറയ്ക്കാനായി കൗൺസലിംഗ്, കാൻസർ രോഗം ബാധിച്ച പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ള സാന്ത്വനം പദ്ധതി, ശാന്തി കവാടത്തിന്റെ ആധുനികവത്കരണം, പാവപ്പെട്ടവർക്കായി കുറഞ്ഞ നിരക്കിൽ മൊബൈൽ മോർച്ചറി തുടങ്ങി നിരവധി പദ്ധതികൾ വേറെ.
ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ നഗരം ശുചീകരിക്കുന്ന പദ്ധതിയുടെ സൂത്രധാരനും ജി.ആർ.അനിലാണ്. കൃത്രിമ മഴ പെയ്യിച്ച് ചാരമടക്കം നീക്കി റോഡുകൾ വെടിപ്പാക്കി.

ജില്ലാ സെക്രട്ടറി എന്ന നിലയിലുള്ള പ്രവർത്തന മികവും സംസ്ഥാന സെന്ററുമായും സംസ്ഥാന സെക്രട്ടറിയുമായുമുള്ള അടുപ്പവും മന്ത്രി പദവി ലഭിച്ചതിന് കാരണമായി. സി.പി.ഐ ജില്ലാ സെകട്ടറിയായ അനിൽ എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള നിരവധി യൂണിയനുകളുടെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, കിസാൻസഭ എന്നീ സംഘടനകളുടെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന ഭാരവാഹിയായും ദീർഘകാലം പ്രവർത്തിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവും നിരവധി യൂണിയനുകളുടെ ജില്ലാ സംസ്ഥാന ഭാരവാഹിയുമാണ്.