ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാർഡിൽ രോഗികൾക്ക് നരകയാതനയാണെന്ന് ആരോപണം. കൊവിഡ് വാർഡായ 28ൽ നിന്നുള്ള ദൃശ്യങ്ങളെന്ന പേരിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലാണ് രോഗികളുടെ ദുരിതം വിവരിക്കുന്നത്.
കാലും കൈയും കെട്ടിയിട്ട് കട്ടിലിൽ മലമൂത്ര വിസർജ്ജനം നടത്തി, ദാഹജലത്തിനായി അപേക്ഷിക്കുന്ന രോഗിയുടെ ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. വാർഡിലുള്ള ഒരു രോഗി പകർത്തി ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടതാണ് വീഡിയോ. കട്ടിലിൽ നിന്നും നിലത്ത് വീണ് കിടന്നിട്ടും ആരും നോക്കാത്ത രോഗിയേയും ദൃശ്യങ്ങളിൽ കാണാം.
ഇന്നലെ രാവിലെയാണ് വീഡിയോ പോസ്റ്റ് ചെയ്‌തത്. വാർഡിൽ ഉടനീളം നടന്ന് വീഡിയോ ചിത്രീകരിച്ചെങ്കിലും ഒരു ജീവനക്കാരനെ പോലും കാണുന്നില്ല. നിലത്ത് കിടക്കുന്ന രോഗിയുടെ മൂക്കിൽ നിന്നും ഊരിക്കിടക്കുന്ന ഓക്‌സിജൻ ട്യൂബ് രോഗികൾ തന്നെ തിരികെ ഘടിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രക്തത്തിലെ ഓക്‌സിജൻ ലെവൽ 90നും താഴേക്ക് വന്ന് ഗുരുതരാവസ്ഥയിലാകുന്ന രോഗികളെയാണ് കൊവിഡ് വാർഡായ 28ൽ പ്രവേശിപ്പിക്കുന്നത്. എല്ലാ കിടക്കയ്ക്ക് സമീപവും ഓക്‌സിജൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. രോഗികളുടെ ജീവൻ രക്ഷിക്കാൻ നിരീക്ഷണ സംവിധാനം കർശനമായി നടപ്പിലാക്കേണ്ട സ്ഥലത്തെ വീഴ്ച ഇതിനകം തന്നെ വിവാദമായിട്ടുണ്ട്.
വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കേണ്ട രോഗിയെ വാർഡിൽ കെട്ടിയിട്ട് ചികിത്സിക്കുന്നത് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായ അലംഭാവമായാണ് വിലയിരുത്തുന്നത്. സംഭവം വിവാദമായതോടെ വീഡിയോയും അപ്രത്യക്ഷമായിട്ടുണ്ട്. അതേസമയം അർദ്ധ ബോധാവസ്ഥയിലുള്ള രോഗി ഓക്‌സിജൻ ട്യൂബ് നീക്കം ചെയ്യാതിരിക്കാനും കട്ടിലിൽ നിന്നും താഴെ വീഴുന്നത് ഒഴിവാക്കാനുമാണ് കെട്ടിയിട്ടതെന്ന് ആശുപത്രി അധികൃതർ വിശദമാക്കിയിട്ടുണ്ട്. അഡൽറ്റ് ഡയപ്പർ കെട്ടിയിരുന്നെന്നും ഇവർ വ്യക്തമാക്കി. വീഡിയോയിൽ കാണുന്ന രണ്ടാമത്തെ രോഗി നിലത്ത് വീണതല്ല, സ്വയം നിലത്തിറങ്ങി കിടന്നതാണ്. നിരവധി തവണ കട്ടിലിൽ കയറ്റി കിടത്തിയിട്ടും വീണ്ടും നിലത്തിറങ്ങി കിടക്കുന്ന രോഗിക്ക് തറയിൽ ബെഡ് വിരിച്ച് കൊടുക്കാൻ നിർദ്ദേശം നൽകിയെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് പറഞ്ഞു.