തിരുവനന്തപുരം: ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വന്നതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും ഭക്ഷണമില്ലാതെ അലയുന്നു. മെഡിക്കൽകോളേജ് കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ആർ.സി.സി, ശ്രീചിത്ര ഇൻസ്റ്റിറ്ര്യൂട്ട്, എസ്.എ.ടി ആശുപത്രികളിലായി ആയിരക്കണക്കിന് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ശ്രീചിത്രയിലും ആർ.സി.സിയിലും രോഗികൾക്ക് അവിടെത്തന്നെ ഭക്ഷണം നൽകുന്നുണ്ടെങ്കിലും പുറത്ത് മുറിയെടുത്ത് താമസിക്കുന്ന കൂട്ടിരിപ്പുകാർ ലോക്കിലായ അവസ്ഥയിലാണ്. ഹോട്ടലുകളിൽ പാർസൽ സൗകര്യം നിർത്തലാക്കി ഹോം ഡെലിവറി മാത്രമാക്കിയതാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിനയായത്.
പരിസരത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നതിനോ ഇത്രയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിതരണം ചെയ്യുന്നതിനോ സംവിധാനമില്ല. മറ്റ് ജില്ലകളിൽ നിന്ന് ഉൾപ്പെടെ കാൻസർ രോഗത്തിനും മറ്റ് ഗുരുതര രോഗങ്ങൾക്കുമായി ചികിത്സയ്ക്ക് എത്തിയവരാണ് മിക്കവരും. ട്രിപ്പിൾ ലോക്ക്ഡൗണിൽ ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി അനുവദിച്ചിട്ടുണ്ട്. എന്നാൽ, പോക്കറ്റ് റോഡുകൾ പൊലീസ് അടച്ചതോടെ ഭക്ഷണം എത്തിക്കുന്നതിന് ചുറ്റി സഞ്ചരിക്കേണ്ടി വരുന്നതിനാൽ മിക്ക ഹോട്ടലുകളും ഹോം ഡെലിവറി നിറുത്തിയിരിക്കുകയാണ്.
തുറന്ന ഹോട്ടലുകൾ കുറവ്
ട്രിപ്പിൾ ലോക്ക് ഡൗണിൽ ചുരുക്കം ഹോട്ടലുകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളേജ് പരിസരം കേന്ദ്രീകരിച്ച് സമൂഹ അടുക്കള പ്രവർത്തിക്കുന്നുണ്ടെങ്കിലും ആശുപത്രിക്കുള്ളിൽ വിതരണം നടത്തുന്നില്ലെന്നാണ് ബന്ധപ്പെട്ടവർ തന്നെ വ്യക്തമാക്കുന്നത്. കൊവിഡ് വർദ്ധിച്ച സാഹചര്യത്തിൽ ഗുരുതര രോഗാവസ്ഥയിലുള്ളവരെ ഒഴിച്ച് മറ്റ് രോഗികളെ ഡിസ്ചാർജ് ചെയ്തിരുന്നു. കൊവിഡ് ചികിത്സയിൽ കഴിയുന്നവർക്ക് ആശുപത്രിയിൽ നിന്ന് ഭക്ഷണം നൽകുന്നുണ്ട്. മറ്റുള്ളവർക്കായി കന്റീൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇത് അപര്യാപ്തമെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
ട്രിപ്പിൾ ലോക്ക് ഡൗണിൽ ആശുപത്രി പരിസരത്ത് പൊതിച്ചോർ വിറ്റിരുന്ന സ്ത്രീകൾക്കും കച്ചവടം നടത്താൻ കാഴിയാതായി. കഴിഞ്ഞ ദിവസം കൊവിഡ് ചികിത്സ കഴിഞ്ഞ് മെഡിക്കൽ കോളേജിൽ നിന്ന് പുറത്തിറങ്ങിയ വാവ സുരേഷ് കോളേജ് പരിസരത്തെ ഹോട്ടലുകൾ ഒന്നും തുറക്കുന്നില്ലെന്നും രോഗികളുടെ കൂട്ടിരിപ്പുകാർ ഉൾപ്പെടെ ഭക്ഷണത്തിനായി അലഞ്ഞു നടക്കുകയായണെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
വാവ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നമസ്കാരം,
ഞാൻ ഇന്ന് എനിക്കുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ്. ഞാൻ കഴിഞ്ഞ കുറേ ദിവസങ്ങളായി കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിലായിരുന്നു. അത് കഴിഞ്ഞ്, അത് മാറി ഞാൻ കോളേജ് പരിസരത്ത് ഒരു റൂമിൽ താമസിക്കുന്നു. ഇന്ന് മെഡിക്കൽ കോളേജ് പരിസരത്ത് ഹോട്ടലുകൾ ഒന്നും തുറന്നു പ്രവർത്തിച്ചില്ല. ട്രിപ്പിൾ ലോക്ക് ഡൗൺ ആണ് കാരണമെന്ന് പറയുന്നു. ഇവിടെ പല ജില്ലകളിൽ നിന്ന് വന്ന ആർ.സി.സി ഉൾപ്പെടെയുള്ള ഹോസ്പിറ്റലുകളിൽ കൂട്ടിരിക്കുന്നവരൊക്കെ മെഡിക്കൽ കോളേജ് പരിസരത്ത് ഒരുപാട് ലോഡ്ജിൽ താമസിക്കുന്നു. അവർ ഉച്ചയ്ക്ക് ആഹാരത്തിനായി അലഞ്ഞു നടക്കുന്നത് കണ്ടു. ദയവു ചെയ്ത് ഈ വാർത്ത കാണുന്ന എന്റെ പ്രിയ സുഹൃത്തുക്കൾ അധികാരികളുടെ അടുക്കൽ എത്തിക്കുക. മെഡിക്കൽ കോളേജ് പരിസരത്തുള്ള ഹോട്ടലുകൾ എങ്കിലും തുറന്നു പ്രവർത്തിക്കുവൻ അനുവദിക്കുക. ഇതൊരു അപേക്ഷയായി കാണുക
ഇത് പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു. എല്ലാവർക്കും നന്മ മാത്രം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
- വാവ സുരേഷ്
സന്നദ്ധസംഘടനകളും ലോക്കിൽ
മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വളരെ സഹായകരമായിരുന്നു സന്നദ്ധ സംഘടനകളുടെ ഭക്ഷണവിതരണം. വിവിധ രാഷ്ട്രീയ പാർട്ടികളുടെ യുവജന സംഘടനാ വിഭാഗങ്ങൾ ഉൾപ്പെടെ നിരവധി സംഘടനകൾ ഉച്ചയ്ക്ക് മെഡിക്കൽകോളേജിൽ സൗജന്യമായി ഭക്ഷണം നൽകിയിരുന്നു. എന്നാൽ, ലോക്ക്ഡൗണിൽ ഇവയും നിലച്ചതോടെ ആ പ്രതീക്ഷയും അസ്ഥാനത്തായി.
ഏക ആശ്രയം കേരള ഹോട്ടൽ
കേരള ഹോട്ടൽ ആദ്യകാലം മുതൽ മെഡിക്കൽ കോളേജിൽ നടത്തിയിരുന്ന ഭക്ഷണവിതരണം ഈ ട്രിപ്പിൾ ലോക്ക്ഡൗണിലും തുടരുന്നുണ്ട്. ചുരുങ്ങിയത് 120 പേർക്ക് ദിവസവും ഭക്ഷണം നൽകുന്നുണ്ട്. സ്പോൺസർമാരുടെ സഹായത്തോടെ പല ദിവസങ്ങളിലും കൂടുതൽ പേർക്ക് ഭക്ഷണം എത്തിക്കാൻ കഴിയുന്നതായി കേരള ഹോട്ടൽ പ്രൊപ്രൈറ്റർ മനോജ് വ്യക്തമാക്കി.
കൊവിഡ് രോഗികൾക്ക് ഭക്ഷണം കൃത്യമായി നൽകുന്നുണ്ട്. മറ്റുള്ളവർക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാന്റീനിൽ നിന്ന് ഭക്ഷണം പാഴ്സൽ വാങ്ങുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
- മെഡിക്കൽ കോളേജ് സൂപ്രണ്ട്