ബാലരാമപുരം: നൂറ്റിയമ്പതിൽപ്പരം പേർക്ക് രക്തദാനം നൽകിയ രക്തദാതാവ് പരേതരായ ആർ.സുബ്രമണ്യം – ഡി.ലളിത ദമ്പതികളുടെ മകൻ നെല്ലിമൂട് മണിലീലയിൽ ബൈജു നെല്ലിമൂട് (52) നിര്യാതനായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ മരിച്ചു. ഫെഡറേഷൻ ഓഫ് ഇൻഡ്യൻ ബ്ലഡ് ഡോണേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ, ആൾ കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റി (കെബ്സ്) ഓർഗനൈസിംഗ് സെക്രട്ടറി, ബോബി ചെമ്മന്നൂർ ബോബി ഫാൻസ് ബ്ലഡ് ഡോണേഴ്സ് ചാരിറ്റി പ്രസിഡന്റ്, കർമ്മ ചാരിറ്റബിൾ ഓർഗനൈസേഷൻ സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപനസമിതി നെല്ലിമൂട് യൂണിറ്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്നവർക്കും കൂട്ടിരുപ്പുകാർക്കും ഭക്ഷണം നൽകുന്ന അന്നം അമൃതം പദ്ധതിക്ക് നേത്യത്വം നൽകിവരുകയായിരുന്നു. ബിന്ദു ഭാര്യയാണ്. മകൻ നന്ദ കിഷോർ ഇറ്റലിയിൽ എം.എസ് മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥി. സംസ്കാരം കൊവിഡ് പ്രോട്ടോകോൾ പ്രകാരം വീട്ടുവളപ്പിൽ നടന്നു.