നിഷ്കളങ്കരും അദ്ധ്വാനശീലരും ഒത്തൊരുമയുള്ളവരുമായിരുന്നു ആ ഗ്രാമവാസികൾ. കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്ന അവർക്ക് പ്രകൃതി മഴയും മഞ്ഞും വെയിലും കൃത്യമായി നൽകി എന്നും സഹായമായി നിലനിന്നു. സാഹോദര്യവും സൗഹൃദവും നന്മയും നിറഞ്ഞ അവരുടെ ജീവിതം അയൽ ഗ്രാമങ്ങൾക്ക് മാതൃകയായിരുന്നു. പക്ഷേ എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു.
വർഷകാലമായിട്ടും മഴ പെയ്യുന്നില്ല എന്നുമാത്രമല്ല ദിനംപ്രതി വെയിലിന്റെ ചൂട് കൂടിയുംവന്നു. മണ്ണ് വീണ്ടുകീറിത്തുടങ്ങി. തളിരിലകൾ അപ്രത്യക്ഷമായി. മരങ്ങളൊക്കെ പൂക്കാനും കായ്ക്കാനും മറന്നു. ചെടികൾക്ക് ചാരുത നഷ്ടപ്പെട്ടു. കിളികൾ തൊണ്ട വരണ്ട് പാട്ടുപേക്ഷിച്ചു. മൃഗങ്ങളൊക്കെ വെള്ളം കിട്ടാതെ ഭ്രാന്തമായി പാഞ്ഞുനടന്നു. കുളങ്ങളും നദികളും കിണറുകളുമൊക്കെ വറ്റിവരണ്ടു. പട്ടിണിക്കോലങ്ങളായി ആ മനുഷ്യർ പരിണമിച്ചു. അയൽ ഗ്രാമത്തിൽ നിന്ന് കനിവോടെ കൊടുത്തയയ്ക്കുന്ന കുടിവെള്ളം മാത്രമാണ് ഏക ആശ്വാസം.
അങ്ങനെയിരിക്കെ ആ ഗ്രാമത്തിൽ ഒരു സന്യാസി എത്തിച്ചേർന്നു. അതിഥിസത്കാര പ്രിയരും ഗുരുഭക്തിയുള്ളവരുമായ ആ സാത്വിക ജനത സന്യാസിവര്യനെ വിധിപ്രകാരം സ്വീകരിച്ച് ഇരുത്തി. തങ്ങളുടെ പ്രയാസങ്ങളും പട്ടിണിയും അദ്ദേഹത്തെ അറിയിക്കാതെ, സത്കാരം നടത്താൻ അവർ ശ്രമിച്ചു. പക്ഷേ അദ്ദേഹത്തിന് കൊടുക്കാൻ ഭക്ഷണമില്ല. ആദ്യമൊക്കെ സംയമനം പാലിച്ച അദ്ദേഹം ''എനിക്ക് കഴിക്കാനും കുടിക്കാനും ഒന്നുമില്ലേ? ഇതാണോ നിങ്ങളുടെ അതിഥി സൽക്കാര സംസ്ക്കാരം?
വളരെ വിനയത്തോടെ ഗ്രാമവാസികളിൽ ഒരാൾ പറഞ്ഞു: ''മഹാത്മൻ! അങ്ങേയ്ക്കുള്ള ഭക്ഷണം തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഉടനെ എത്തും.""
പക്ഷേ നേരമേറെക്കഴിഞ്ഞിട്ടും ഭക്ഷണം എത്താത്തതിനാൽ തന്നെ പറ്റിയ്ക്കുകയാണെന്ന് സന്യാസിക്ക് തോന്നി. അദ്ദേഹത്തിന് കലശലായ ദേഷ്യം വന്നു.
''എന്നെ നിങ്ങൾ അപമാനിക്കുകയാണ് ചെയ്തത്. വിശപ്പും ദാഹവും കൊണ്ടു വലഞ്ഞ എനിക്ക് ഒന്നും തന്നില്ലെന്ന് മാത്രമല്ല, ഉടൻ തരുമെന്ന പ്രതീക്ഷ നൽകി എന്നെ കളിയാക്കുകയും ചെയ്തു. അക്ഷന്തവ്യമായ അപരാധമാണ് നിങ്ങൾ ചെയ്തത്. ഭക്ഷണമില്ലെങ്കിൽ അക്കാര്യം നിങ്ങൾക്ക് നേരത്തെ പറയാമായിരുന്നു."
അതികഠിനമായ ദേഷ്യത്തോടെ ആ സന്യാസി ആ ഗ്രാമവാസികളെ ശപിച്ചു. ഇത് കേട്ടതോടെ അവിടെ കൂടിയിരുന്ന ഗ്രാമവാസികൾ അദ്ദേഹത്തിന്റെ മുന്നിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് മാപ്പുചോദിച്ചു. തുടർന്ന് അവർ അനുഭവിക്കുന്ന വറുതിയുടെയും പട്ടിണിയുടെയും കഥ അദ്ദേഹത്തോട് പറഞ്ഞു.
ഗ്രാമീണരുടെ കഥ കേട്ട് സന്യാസിയുടെ കരളലിഞ്ഞു. അവരെ ശപിച്ചതിൽ അദ്ദേഹത്തിന് കുറ്റബോധം തോന്നി. ഇവരെ എങ്ങനെയെങ്കിലും സഹായിക്കണമെന്ന ഉദ്ദേശത്തോടെ അദ്ദേഹം പറഞ്ഞു. ഇവിടെനിന്ന് കുറെ ദൂരെ ഒരു യോഗിവര്യൻ ഉണ്ട്. അദ്ദേഹം എപ്പോഴും യോഗ നിദ്രയിൽ ആയിരിക്കും. അദ്ദേഹം ഉണരുമ്പോൾ നിങ്ങളുടെ സങ്കടം പറഞ്ഞാൽ ഒരു പരിഹാരം തീർച്ചയായും ഉണ്ടാവും.
അങ്ങനെ ഗ്രാമവാസികളിൽ കുറേപ്പേർ ആ യോഗിവര്യനെ കാണാൻ പോയി. കുറെദിവസം കാത്തിരുന്നതിന് ശേഷമാണ് അദ്ദേഹം യോഗനിദ്രയിൽ നിന്നും ഉണർന്നത്. അപ്പോൾത്തന്നെ ഗ്രാമീണർ അവരുടെ സങ്കടം ഉണർത്തിച്ചു. തന്റെ ദിവ്യദൃഷ്ടി ഉപയോഗിച്ച് അദ്ദേഹം ഒരു കപ്പൽ കണ്ടെത്തി. അവരുടെ ഗ്രാമത്തിൽ പണ്ടെങ്ങോ ഉറഞ്ഞുപോയ ഒരു കപ്പൽ. ആ കപ്പൽ കുഴിച്ചെടുത്താൽ നിങ്ങൾക്ക് മഴ ലഭിക്കും എന്ന് അദ്ദേഹം പറഞ്ഞു.
പ്രതീക്ഷയോടെ ഗ്രാമത്തിലെത്തിയ അവർ യോഗി പറഞ്ഞ സ്ഥാനത്ത് കുഴിക്കാൻ തുടങ്ങി. ആഴ്ചകളോളം ഖനനം നടത്തിയിട്ടും കപ്പൽ കിട്ടിയില്ല. മഴ പെയ്തുമില്ല. യോഗിയോട് സങ്കടം ഉണർത്തിച്ച അവരോട് അദ്ദേഹം പറഞ്ഞു. ''പിൻമാറരുത്. വീണ്ടും കുഴിക്കുക. നിങ്ങളുടെ ലക്ഷ്യം സാധിക്കും.""
അങ്ങനെ വീണ്ടും കുഴിക്കാൻ തുടങ്ങിയ അവർക്ക് കപ്പലിന് പകരം കിട്ടിയത് വലിയ നീരുറവാണ്. പെട്ടെന്ന് ജലത്തിന്റെ മഹാപ്രവാഹമുണ്ടായി. ആ വലിയ കുഴി പെട്ടെന്ന് നിറഞ്ഞ് വെള്ളം നദി പോലെ ഒഴുകാൻ തുടങ്ങി. മുകളിൽ നിന്ന് മഴ പ്രതീക്ഷിച്ചിരുന്ന അവർക്ക് ഭൂമിയിൽ നിന്നു തന്നെ ആവശ്യത്തിലധികം ജലം കിട്ടി. ആ വലിയ ഭൂമിയിൽ നിന്നു തന്നെ ആവശ്യത്തിലധികം ജലം കിട്ടി. ആ വലിയജലപ്രവാഹം അരുവികളും ചെറുതോടുകളുമായി പിരിഞ്ഞ് ആ ഗ്രാമത്തെ ജലസമൃദ്ധമാക്കി. അവരുടെ കൃഷിയിടങ്ങൾ ഹരിതാഭമായി. ക്രമേണ ക്ഷാമകാലം ഒരു ദുഃസ്വപ്നം മാത്രമായി. അസാദ്ധ്യമെന്നതിനെ സാദ്ധ്യമാക്കാൻ നിരന്തരമായ പ്രചോദനവും കഠിനാദ്ധ്വാനവും ആവശ്യമാണെന്ന് ഈ കഥ പറയുന്നു. അദ്ധ്വാനത്തിന്റെ ഫലം തീർച്ചയായും ഉണ്ടാവും. ഒരു പക്ഷേ നാം പ്രതീക്ഷിക്കുന്ന രീതിയിൽ അല്ലെങ്കിലും അതിന്റെ പരിസമാപ്തി ഫലപ്രദമായിരിക്കും. അതുകൊണ്ട് പിന്തിരിയാതെ മുന്നേറുക. വിജയം ഉറപ്പു തന്നെ!