
മലയിൻകീഴ്: ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണന്റെ സ്വന്തം കാർ കൊവിഡ് ബാധിതരെ ആശുപത്രിയിലെത്തിക്കുന്നതിന് വിട്ടുനൽകി. വിളപ്പിൽ ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനം നടത്തുന്ന എ.ഐ.വൈ.എഫ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കാറിൽ കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നത്. കൊവിഡ് ബാധിതരെ ആശുപത്രിയിൽ എത്തിയ്ക്കുന്നതിന് നിലവിൽ ആംബുലൻസ് ക്ഷാമമുണ്ട്. രോഗികൾ മണിക്കൂറുകളോളം വാഹനത്തിന് കാത്തിരിക്കേണ്ടിയും വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്വന്തം കാർ നൽകാൻ തീരുമാനിച്ചതെന്ന് വിളപ്പിൽ രാധാകൃഷ്ണൻ പറഞ്ഞു. വാഹനത്തിന്റെ ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് ഇന്നലെ പേയാട് ജംഗ്ഷനിൽ വിളപ്പിൽ രാധാകൃഷ്ണൻ നിർവഹിച്ചു. വിളപ്പിൽ ഗ്രാമപഞ്ചായത്ത് വെസ് പ്രസിഡന്റ് ഡി. ഷാജി, സി.പി.ഐ ലോക്കൽ സെക്രട്ടറി സതീഷ്, നേതാക്കളായ അനിൽകുമാർ, ബി. ശോഭന, അജി ജോർജ്ജ്, ചന്ദ്രബാബു, മണികണ്ഠൻ എന്നിവർ പങ്കെടുത്തു.