പാലോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയാകുകയാണ് ആനന്ദ് എന്ന പത്താം ക്ലാസ്സുകാരൻ. വൈകുന്നേരങ്ങളിൽ കടകളിലും ജംഗ്ഷനുകളിലും ആളുകൂടാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലും അണുനശീകരണ ലായനി നിറച്ച സ്പ്രേയറും കൊവിഡ് ബോധവത്കരണവുമായി ആനന്ദെത്തും. മൊബൈലിൽ മുഴുകിൽ യുവതലമുറയ്ക്ക് മാതൃകയും പ്രചോദനവുമാണ് ആനന്ദ്. ഇളവട്ടം ബി.ആർ.എം ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയും എസ്.പി.സി.സൂപ്പർ സീനിയർ കേഡറ്റുമായ ആനന്ദ് പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിലാണെന്നാണ് അദ്ധ്യാപകരുടെ വിലയിരുത്തൽ. നന്ദിയോട് പഞ്ചായത്തിലെ പവ്വത്തൂർ സജി ഭവനിൽ ടൈൽസ് ജോലിക്കാരനായ സജിയുടേയും വീട്ടമ്മയായ മഞ്ജുവിന്റെയും മകനാണ് ആനന്ദ്.