തിരുവനന്തപുരം: വെള്ളപ്പൊക്ക ദുരിതം ഒഴിയാതെ കണ്ണമ്മൂല വാർഡിലെ മൂലവിളാകം കൈരളി, കേദാരം ലെയ്‌നുകളിൽ താമസിക്കുന്ന നൂറോളം കുടുംബങ്ങൾ. മഴപെയ്‌താൽ ഈ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറും. ദുർഗന്ധം വമിക്കുന്ന മലിനജലം കെട്ടിനിൽക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ഭീതിയുമുണ്ട്.

ഈ പ്രദേശത്തുകൂടി ഒഴുകുന്ന കുന്നുകുഴി തോട്ടിലെ അശാസ്ത്രീയമായ നിർമ്മാണവും തോടിലും ഓടകളിലും നിറഞ്ഞ മാലിന്യവുമാണ് വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് തടസം സൃഷ്ടിക്കുന്നതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. നിരവധി തവണ വിഷയം ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മുന്നിൽ അവതരിപ്പിച്ചെങ്കിലും താത്കാലിക പരിഹാരം പോലും ഉണ്ടായില്ല. വിദഗ്ദ്ധരായ എൻജിനിയർമാരുടെ ഉപദേശം കൂടി സ്വീകരിച്ച് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് മൂലവിളാകം റസിഡന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് സി.വി. സുരേന്ദ്രൻ ആവശ്യപ്പെട്ടു.