maram

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ സമുച്ചയത്തിന് അപകടഭീഷണിയുയർത്തി ജനറൽ ആശുപത്രിവളപ്പിലെ കൂറ്റൻമരം.

ആശുപത്രി വളപ്പിലെ കരിങ്കൽ മതിൽ പൊളിഞ്ഞ് മരം എപ്പോൾ വേണമെങ്കിലും പൊലീസ് സ്റ്രേഷന് മുകളിൽ പതിക്കാവുന്ന അവസ്ഥയിലാണ്. നെയ്യാറ്റിൻകര നഗരസഭ, ജനറൽ ആശുപത്രി അധികൃതർ, താലൂക്ക് ദുരന്തനിവാരണ അതോറിട്ടി എന്നിവരോട് മരം അപകടാവസ്ഥയിലാണെന്ന് നെയ്യാറ്റിൻകര പൊലീസ് രേഖാമൂലം അറിയിച്ചെങ്കിലും സ്ഥലം സന്ദർശിച്ച് പോയതല്ലാതെ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ കാറ്റിലും മഴയിലും മരം കൂടുതൽ അപകടാവസ്ഥയിൽ ആയെന്നാണ് പ്രദേശവാസികൾ പറയുന്നത്. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ, സി.ഐ ഓഫീസ്,​ ഡിവൈ.എസ്.പി ഓഫീസ് എന്നിവയാണ് ഈ സമുച്ചയത്തിൽ പ്രവർത്തിക്കുന്നത്. 75 ഓളം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. മരം കടപുഴകിയാൽ വലിയ അപകടമാകും ഉണ്ടാവുക.