കാട്ടാക്കട: നെയ്യാർ ലയൺ സഫാരി പാർക്കിലെ ഒരു സിംഹത്തെ പാർക്കിലെ സുരക്ഷാവേലിക്ക് സമീപം ചത്ത നിലയിൽ കണ്ടെത്തി.
ഇന്നലെ രാവിലെയോടെയാണ് സംഭവം. ഗുജറാത്തിലെ ഗീർ വനത്തിൽ നിന്നുമെത്തിച്ച 12 വയസുള്ള നാഗരാജൻ എന്ന ആൺ സിംഹമാണ് ചത്തത്. ഒരാഴ്‌ചയായി കൂട്ടിൽ കയറാതെ നടന്നിരുന്ന സിംഹത്തെ ഇന്നലെ രാവിലെ ജീവനക്കാർ പരിശോധിക്കുമ്പോഴാണ് ചത്തനിലയിൽ കണ്ടെത്തിയത്. ഇനി ഒരു സിംഹമാണ് പാർക്കിലുള്ളത്.
2019 സെപ്‌തംബറിലാണ് ഗുജറാത്തിലെ ബാഗ് മൃഗശാലയിൽ നിന്നും നാഗരാജനെയും രാധ എന്ന പെൺസിംഹത്തെയും തലസ്ഥാനത്തെത്തിച്ചത്. യാത്രയിലുണ്ടായ ആരോഗ്യപ്രശ്‌നങ്ങൾ കാരണം രാധ തിരുവനന്തപുരം മൃഗശാലയിൽ വച്ചുതന്നെ ചത്തു. തുടർന്നാണ് നാഗരാജനെ ലയൺ സഫാരി പാർക്കിലെത്തിച്ചത്. കുറച്ചുദിവസം നിരീക്ഷണത്തിനും ഇണങ്ങുന്നതിനും വേണ്ടി പ്രത്യേക കൂട്ടിൽ പാർപ്പിച്ചശേഷം പാർക്കിനുള്ളിൽ വിടുകയും ചെയ്‌തു. ഒരു ഡോക്ടറെയും ഫോറസ്റ്ററെയും നാഗരാജന്റെ പരിചരണത്തിനായി ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണം കണ്ടെത്താൻ കഴിയൂവെന്ന് റേഞ്ച് ഓഫീസർ സന്ദീപ് അറിയിച്ചു.