നെയ്യാറ്റിൻകര: ലോക്ക്ഡൗൺ കാലത്ത് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വീട്ടിലിരുന്ന് റേഡിയോയും പെൻഡ്രൈവും ഉപയോഗിച്ച് ഇനി പാട്ട് കേൾക്കാം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര ബി.ആർ.സി പരിധിയിലെ ഭിന്നശേഷിയുള്ള ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന 43 കുട്ടികൾക്കാണ് ബ്ലൂടൂത്ത് സംവിധാനമുള്ള റേഡിയോയും പെൻഡ്രൈവുകളും വിതരണം ചെയ്തത്. ഇതോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട 20 കുട്ടികൾക്ക് പഠനസാമഗ്രികളും വിതരണം ചെയ്തു. സമഗ്രശിക്ഷ കേരളയാണ് പദ്ധതി നടപ്പിലാക്കുന്നത്. നെയ്യാറ്റിൻകര ബി.ആർ.സി പരിധിയിലെ നെയ്യാറ്റിൻകര നഗരസഭ, പെരുങ്കടവിള, ചെങ്കൽ, കരുംകുളം, തിരുപുറം, കാഞ്ഞിരംകുളം, പൂവാർ എന്നീ പഞ്ചായത്തുകളിലെ 72 വിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കാണ് പഠനസാമഗ്രികൾ നൽകിയത്. അഞ്ച് വിദ്യാലയങ്ങളിലെ എട്ട് കുട്ടികൾക്ക് ബ്രെയിലി സ്റ്റേഷനറിയും കിടപ്പിലായ 43 കുട്ടികൾക്ക് ബ്ലൂടുത്തുള്ള റേഡിയോയും പെൻഡ്രൈവും നൽകി. ബുദ്ധി പരിമിതിയുള്ള കുട്ടികൾക്ക് സംഖ്യാപുസ്തകം, ചിത്ര നിഘണ്ടു, ചിത്രം വരയ്ക്കാനും നിറം നൽകാനുമുള്ള പുസ്തകങ്ങൾ, ചിത്രപുസ്തകങ്ങൾ, സ്റ്റിക്കർ പ്രവർത്തന പുസ്തകം, അബാക്കസ്, സ്ലേറ്റ്, വിവിധയിനം പസിലുകൾ , ചിത്ര ചാർട്ടുകൾ, ഡ്രം സെറ്റ്, ഏണിയും പാമ്പും, അക്ഷരമാലകൾ, മുത്തുകൾ എന്നിവ വിതരണം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളുടെ വീടുകളിലെത്തിയായിരുന്നു വിതരണം. വിവിധ കേന്ദ്രങ്ങളിൽ നടന്ന ഉദ്ഘാടന ചടങ്ങുകളിൽ പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രൻ, നെയ്യാറ്റിൻകര നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോസ് ഫ്രാങ്ക്ളിൻ, എസ്.എസ്.എ ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ എം. അയ്യപ്പൻ, കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ചിഞ്ചു ,വൈസ് പ്രസിഡന്റ് മധുസൂദനൻ നായർ, ബി.ആർ.സി പരിശീലകരായ എ.എസ്. ബെൻ റെജി, ആർ. വിദ്യാവിനോദ് എ.എസ്. മൻസൂർ, അദ്ധ്യാപകൻ ഷിബു അരുവിപ്പുറം, കോ ഓർഡിനേറ്റർമാരായ ജി.ജി. ബിന്ദു, സി.ബി. ബിബിൻ, ലേഖ, അനു വർഗീസ് തരകൻ, ജിൻസി എം.എസ്. അനുലാൽ, എം. ജിസാമേരി, എസ്. അനിത, ജി. സുജി, ജെ. ഷൈലജ, കെ.വി. ശ്രീരജ്ഞിനി, എൻ.എസ്. ലീനാലെറ്റ് എന്നിവർ പങ്കെടുത്തു.