തിരുവനന്തപുരം: ലഭിക്കുന്ന വകുപ്പ് ഏതായാലും ഭരണം മികച്ചതാകുമെന്ന് നിയുക്തമന്ത്രി ആന്റണി രാജു പറഞ്ഞു. ഓരോരുത്തരുടെയും പ്രവർത്തനരീതിയും ശൈലയിയും മനസിലാക്കി ഒരാളെ ഏതു രീതിയിൽ ഉപയോഗിക്കാൻ കഴിയും എന്ന് വ്യക്തമായി അറിയാവുന്ന നേതൃത്വം എൽ.ഡി.എഫിനുണ്ടെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
കരുത്തനായ മുഖ്യമന്ത്രിയോടൊപ്പം മന്ത്രിസഭയിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ട്. എൽ.ഡി.എഫ് ജനങ്ങൾക്കു നൽകിയ ഉറപ്പുപാലിക്കാൻ കഠിനാദ്ധ്വാനം ചെയ്യും. തലസ്ഥാന നഗരത്തിന്റെ എം.എൽ.എ എന്നത് വലിയ ഉത്തരവാദിത്വവും വെല്ലുവിളിയുമാണ്. ജനങ്ങളുടെയും മാദ്ധ്യമങ്ങളുടെയും ശ്രദ്ധ ഏറ്റവും കൂടുതൽ പതിയും എന്നതുകൊണ്ടുതന്നെ കൂടുതൽ വിമർശനം ഉയരാൻ സാദ്ധ്യതയുണ്ട്.
സ്മാർട്ട് സിറ്റി അടക്കമുള്ള പദ്ധതികൾ നഗരസഭയുമായി കൈകോർത്ത് യാഥാർത്ഥ്യമാക്കുക എന്നതിനാണ് മുൻഗണന. നഗരത്തിലെ വെള്ളക്കെട്ട് തടയുന്നതിനുള്ള അനന്ത പദ്ധതിയുടേതുൾപ്പെടെ പോരായ്മകൾ കണ്ടെത്തി പരിഹാരിക്കാൻ ശ്രമിക്കും. കടലാക്രമണ ഭീഷണിക്കും ശാശ്വത പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.