തിരുവനന്തപുരം: ആശുപത്രിയിൽ കിടത്തി ചികിത്സാ ആവശ്യമില്ലാത്ത 'കാറ്റഗറി എ" കൊവിഡ് രോഗികൾക്കായി തിരുവനന്തപുരത്ത് അനന്തപുരി ആശുപത്രി കീസ് ഹോട്ടലുമായി ചേർന്ന് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ (സി.എഫ്.എൽ.ടി.സി) ആരംഭിക്കുന്നു. സംസ്ഥാനത്ത് തന്നെ സ്വകാര്യമേഖലയിലുള്ള ഇത്തരത്തിലെ ആദ്യ സംരംഭമാണിത്. 24 മണിക്കൂർ ഡോക്ടർ, നഴ്സ്, ആവശ്യമായ മരുന്നുകൾ, ആംബുലൻസ്, ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് ഉൾപ്പെടെയുള്ള മെഡിക്കൽ സേവനങ്ങൾ അനന്തപുരി ആശുപത്രിയും, ഭക്ഷണം ഉൾപ്പെടെയുള്ള താമസം കീസ് ഹോട്ടലുമാണ് ലഭ്യമാക്കുന്നത്. വീടുകളിൽ ഐസൊലേഷൻ സൗകര്യമില്ലാത്തവർക്കും പ്രായമായ അച്ഛനമ്മമാർ, കുഞ്ഞുങ്ങൾ തുടങ്ങിയവർ വീട്ടിലുള്ളവർക്കും പ്രയോജനപ്പെടുന്ന സംരംഭമാണിത്. പദ്ധതിക്ക് ആരംഭം കുറിച്ചുകൊണ്ടുള്ള ധാരണാപത്രം അനന്തപുരി ആശുപത്രി ചെയർമാൻ പ്രൊഫ. ഡോ. എ. മാർത്താണ്ഡപിള്ളയും കീസ് ഹോട്ടൽ ജനറൽ മാനേജർ എം.വി. മനോജും ചേർന്ന് ഒപ്പുവച്ചു. ആശുപത്രി ഡയറക്ടർമാരായ ഡോ. എ. ഗോപാൽ, ഡോ. എസ്. കമല, ഡോ. ആനന്ദ് മാർത്താണ്ഡപിള്ള, എമർജൻസി വിഭാഗം മേധാവി ഡോ. ഷിജു സ്റ്റാൻലി, മെഡിക്കൽ ഓഫീസർ ഡോ. ഹാഫിസ് എന്നിവർ സന്നിഹിതരായിരുന്നു.