യാഥാർത്ഥ്യമായത് അരനൂറ്റാണ്ടത്തെ സ്വപ്നം
നെടുമങ്ങാട്: മലയോര പ്രദേശങ്ങളുടെ ആസ്ഥാനമായ നെടുമങ്ങാട്ടെ ജനങ്ങൾക്ക് ഏറെ നാളായുണ്ടായിരുന്ന സ്വപ്‌നമാണ് 'തങ്ങൾക്ക് ഒരു മന്ത്രി' എന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമ്പോഴെല്ലാം പാർട്ടിയും മുന്നണിയും നോക്കാതെ 'നമ്മുടെ സ്ഥാനാർത്ഥി മന്ത്രയാവുമോ എന്നായിരുന്നു വോട്ടർമാരുടെ ചോദ്യം. ആ പ്രതീക്ഷയാണ് ജി.ആർ. അനിലിലൂടെ യാഥാർത്ഥ്യമാകുന്നത്.
2016ൽ സിറ്റിംഗ് എം.എൽ.എ പാലോട് രവിയെ പരാജയപ്പെടുത്തിയ സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി. ദിവാകരൻ മന്ത്രിയാകുമെന്നായിരുന്നു കരുതിയിരുന്നത്. തിരഞ്ഞെടുപ്പ് രംഗത്തും നെടുമങ്ങാടിന് ഒരു മന്ത്രി എന്ന രീതിയിലായിരുന്നു പ്രചാരണം. അര നൂറ്റാണ്ടിനിടെ ജയിച്ചു കയറിയവരിൽ പാലോട് രവി ഒഴികെയുള്ളവരെല്ലാം സി.പി.ഐക്കാരായിരുന്നു. മൂന്ന് ടേം വിജയക്കൊടി പാറിച്ച പാലോട് രവി, ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഡെപ്യൂട്ടി സ്‌പീക്കർ പദവി കൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. സി. ദിവാകരനെക്കൂടാതെ, എൻ.എൻ. പണ്ടാരത്തിൽ, കെ.ജി. കുഞ്ഞുകൃഷ്ണപിള്ള, കണിയാപുരം രാമചന്ദ്രൻ, കെ.വി. സുരേന്ദ്രനാഥ്, മാങ്കോട് രാധാകൃഷ്ണൻ എന്നിവരാണ് ജി.ആർ. അനിലിന്റെ മുൻഗാമികളായ സി.പി.ഐ എം.എൽ.എമാർ. രണ്ട് ടേം വിജയിച്ച കെ.ജിയെ സി. അച്യുതമേനോൻ മന്ത്രിസഭയിലും മൂന്ന് ടേം വിജയിച്ച കെ.വി. സുരേന്ദ്രനാഥിനെ നായനാർ മന്ത്രിസഭയിലും രണ്ട് ടേം വിജയിച്ച മാങ്കോടിനെ വി.എസ് മന്ത്രിസഭയിലും പരിഗണിക്കുമെന്ന നിലയിൽ നെടുമങ്ങാട്ട് പോസ്റ്റർ പ്രചാരണം നടന്നിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യം സി. ദിവാകരനുവേണ്ടിയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ മന്ത്രി സ്ഥാനത്തിനുവേണ്ടി പോസ്റ്ററുകളൊന്നും പ്രത്യക്ഷപ്പെട്ടില്ലെങ്കിലും നെടുമങ്ങാട്ടുകാർ ഇക്കുറി പ്രതീക്ഷിച്ചിരുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറിയായിരുന്ന ജി.ആറിന്റെ നെടുമങ്ങാട്ടെ സ്ഥാനാർത്ഥിത്വവും റെക്കാഡ് ഭൂരിപക്ഷം നേടിയുള്ള വിജയവും മന്ത്രിപദ ലബ്ദിയും തികച്ചും ആകസ്‌മികമായിരുന്നു. നെടുമങ്ങാടിന് മന്ത്രി എന്ന വാർത്ത ചാനലുകളിൽ കണ്ട എൽ.ഡി.എഫ് പ്രവർത്തകർ ആഹ്ളാദത്തിമിർപ്പിലായി. വീടുകളിലും പാർട്ടി ഓഫീസിലും പടക്കം പൊട്ടിച്ചും മധുരം വിളമ്പിയുമായിരുന്നു അവർ സന്തോഷം പങ്കിട്ടത്.
ഇന്ന് രാവിലെ 9ന് നിയുക്ത മന്ത്രിക്ക് നെടുമങ്ങാട് പൗരാവലി കൊവിഡ് മാനദണ്ഡം പാലിച്ച് വരവേല്പ് നൽകും. ജി.ആർ. അനിലിന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ചവർക്കും വോട്ടർമാർക്കും സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.ആർ. ജയദേവനും സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫും നന്ദി അറിയിച്ചു.
നെടുമങ്ങാട് പ്രതീക്ഷിക്കുന്നത്
നെടുമങ്ങാടിന് ജില്ലാ ആസ്ഥാന പദവി, റവന്യൂ ഡിവിഷന് ആസ്ഥാന മന്ദിരം, മലയോര ഹൈവേ വികസനം, പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുടെ വിപുലീകരണം, തെന്മല - നെടുമങ്ങാട് ശബരി റെയിൽപ്പാത, റവന്യൂ ടവർ വിപുലീകരണം, ഗവ.കോളേജിന്റെ പശ്ചാത്തല വികസനം, ജില്ലാ ആശുപത്രി സമഗ്ര വികസനം, നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റ് പുനരുദ്ധാരണം