തിരുവനന്തപുരം: കൊവിഡ് മഹാമാരിയിൽ വിറങ്ങലിച്ച സംസ്ഥാനത്ത് ഊർജ്ജസ്വലമായ പ്രതിരോധപ്രവർത്തനങ്ങളിലൂടെ നിറഞ്ഞുനിന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇനിയുള്ള അഞ്ചു വർഷം ആ സ്ഥാനത്തില്ല. പാർട്ടിയുടെ നയപരമായ കാർക്കശ്യം രണ്ടാമൂഴത്തിന് വിലങ്ങുതടിയായി. ശൈലജ നിയമസഭയിൽ പാർട്ടിയുടെ വിപ്പ് മാത്രം.

മറ്റു മന്ത്രിമാരെയെല്ലാം മാറ്റിയാലും രണ്ടാം പിണറായി ടീമിൽ ശൈലജയുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം വരെയും പലരും പ്രതീക്ഷിച്ചത്. എന്നാൽ, ഒരാളെ മാത്രം പരിഗണിക്കുന്നത് നീതിയുക്തമാവില്ലെന്ന് പാർട്ടി വിധിയെഴുതി. സ്ഥാനാർത്ഥി നിർണ്ണയത്തിൽ തുടർച്ചയായ രണ്ട് ടേം മാനദണ്ഡം നിർദ്ദാക്ഷിണ്യം നടപ്പാക്കിയതിന്റെ മാതൃകയായി, ഇതും.

ആഗോളതലത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് പ്രതിച്ഛായ ഉയർത്തിയപ്പോഴാണ് ശൈലജയും പ്രശംസിക്കപ്പെട്ടത്. നിപ വൈറസ് പ്രതിരോധവും പിന്നീട് കൊവിഡ് പ്രതിരോധവും ആരോഗ്യവകുപ്പിന് കീർത്തി സമ്മാനിച്ചു. ടീച്ചറമ്മയായി ശൈലജ വാഴ്ത്തപ്പെട്ടു. തിരഞ്ഞെടുപ്പിൽ, ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ശൈലജ നേടുകയും ചെയ്തു.

ഇത്രയും അംഗീകാരം നേടിയ മന്ത്രിയെ മാറ്റുന്നത് ശരിയോയെന്ന ചോദ്യം ഇന്നലെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചിലരുയർത്തി. എന്നാൽ തിരഞ്ഞെടുപ്പിൽ തോമസ് ഐസക്കിനെയും ഇ.പി. ജയരാജനെയുമടക്കം മാറ്റിനിറുത്തിയില്ലേ എന്നായിരുന്നു പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്റെ മറുചോദ്യം. പാർട്ടി നയപരമായ തീരുമാനം കൈക്കൊള്ളുമ്പോൾ സംശയങ്ങളൊക്കെ ഉയരാം. അതിനു വഴങ്ങിയാൽ പുതിയ ആളുകൾക്ക് അവസരം നിഷേധിക്കപ്പെടും. കെ.കെ. ശൈലജ നന്നായി പ്രവ‌ർത്തിച്ച മന്ത്രിയായിരുന്നു. അതുപോലെ നന്നായി പ്രവർത്തിച്ചവരാണ് എം.എം. മണിയും ടി.പി. രാമകൃഷ്ണനും മൊയ്തീനും ജലീലും കടകംപള്ളിയുമെന്നും കോടിയേരി പറഞ്ഞതോടെ, തീരുമാനം ശുഭം.