school

ഒന്ന് മുതൽ ഒമ്പത് വരെ ഓൾ പാസ്

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ 2021-22 അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ഇന്നാരംഭിക്കും. ഒന്ന് മുതൽ ഒൻപത് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ക്ലാസ് കയറ്റം നൽകുന്നതിനും തീരുമാനമായി.

ക്ലാസ് പ്രൊമോഷൻ നടപടികൾ 25നകം പൂർത്തീകരിക്കണം. പുതിയ ക്ലാസിലെത്തുന്നവരെ ക്ലാസ് ടീച്ചർമാർ ഫോൺ വഴി ബന്ധപ്പെട്ട് പഠനപ്രവർത്തനങ്ങൾ അവലോകനം ചെയ്യണം. 26 മുതൽ 30 വരെ ഇതു പൂർത്തിയാക്കി പ്രഥമാദ്ധ്യാപകർക്ക് റിപ്പോർട്ട് നൽകണം.

പ്രവേശനത്തിനുള്ള അപേക്ഷ ഓൺലൈനായി സമ്പൂർണ പോർട്ടലിലൂടെ (www.sampoorna.kite.kerala.gon.in) രക്ഷിതാക്കൾക്ക് നൽകാം. ഫോണിൽ ബന്ധപ്പെട്ടും അഡ്മിഷനെടുക്കാം. പ്രവേശനത്തിനുള്ള അനുബന്ധ രേഖകൾ ലോക്ക്ഡൗൺ പിൻവലിച്ച ശേഷം സ്‌കൂളിലെത്തിച്ചാൽ മതി. ഏതെങ്കിലും രേഖകൾ സമർപ്പിക്കാനാവാത്തവർക്കും താൽകാലിക അഡ്മിഷൻ നൽകണം. ലോക്ക്ഡൗണിന് ശേഷവും രക്ഷിതാക്കൾക്ക് സ്‌കൂളിലെത്തി പ്രവേശനത്തിന് അപേക്ഷിക്കാം. വിടുതൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയും സമ്പൂർണ പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കാം.