janipriya

സുൽത്താൻ ബത്തേരി: കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടിയാണ് ജനിപ്രിയ ഷാജു ആതുരശുശ്രൂഷ ചെയ്യുന്നതിനായി ആശുപത്രിയിലെത്തുന്നത്. ലോക്ഡൗണിനെ തുടർന്ന് പൊതുഗതാഗതം നിർത്തിവച്ചതോടെയാണ് ആശുപത്രിയിലെത്താൻ മറ്റു മാർഗ്ഗമില്ലാതെ സൈക്കിളിനെ ആശ്രയിക്കേണ്ടി വന്നത്. ആദ്യ ദിവസങ്ങളിൽ വീട്ടിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് കാൽ നടയായിട്ടാണ് പോയതെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ കാൽ നടയാത്ര ദുഷ്‌ക്കരമായതോടെയാണ് സൈക്കിൾ സംഘടിപ്പിച്ച് യാത്ര അതിലാക്കിയത്.
സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സാണ് ജനിപ്രിയ. ലോക് ഡൗൺ തുടങ്ങിയതോടെ ആശുപത്രിയിലെത്താൻ വാഹനമില്ലാതെ ബുദ്ധിമുട്ടിലായി. ആദ്യദിനം നടന്ന് ആശുപത്രിയിലെത്തി. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ നടന്ന് കൃത്യസമയത്ത് ആശുപത്രിയിലെത്തുക ബുദ്ധിമുട്ടാണെന്ന് കണ്ട് അമ്മാവന്റെ മകളുടെ സൈക്കിൾ യാത്രക്കായി ആവശ്യപ്പെടുകയായിരുന്നു. സൈക്കിൾ കിട്ടിയതോടെ ഇപ്പോൾ ജനിപ്രിയ താമസിക്കുന്ന കാരശ്ശേരിയിൽ നിന്ന് ദിവസവും സൈക്കിളിലാണ് യാത്ര. ദിവസവും പത്ത് കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് ആശുപത്രിയിൽ നിന്ന് തിരികെ വീട്ടിലെത്തുന്നത്.
ഞങ്ങൾ വീട്ടിലിരിക്കുന്നില്ല,​ അത് നിങ്ങൾക്ക് വേണ്ടി. നിങ്ങൾ വിട്ടിലിരിക്കൂ,​ അത് നമ്മുക്ക് എല്ലാവർക്കും വേണ്ടിയാണ്. ഈ വാക്കുകളുടെ അർത്ഥം ഉൾകൊണ്ടുകൊണ്ടാണ് ജനി പ്രിയ സൈക്കിൾ ചവിട്ടി എന്നും ആശുപത്രിയിലെത്തുന്നത്. സൈക്കിളിൽ കയറി ജോലിക്ക്‌ പോയപ്പോൾ പലരും അത്ഭുതത്തോടെയാണ് കണ്ടത്. എന്നാൽ ആതുര ശുശ്രൂഷ ചെയ്യുന്നതിന് വേണ്ടിയാണ്‌ പോകുന്നതെന്ന് കണ്ടതോടെ പലർക്കും ബഹുമാനമായി. ആശുപത്രിയിൽ തന്നെ സൈക്കിൾ ചവിട്ടി ജോലിക്കെത്തുന്ന ഏക വനിത കൂടിയാണ് ഈ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്.

ജോലിക്ക്‌ പോകുമ്പോഴും ജോലി കഴിഞ്ഞ് തിരികെ വരുമ്പോഴും കിലോ മീറ്റർ താണ്ടിയുള്ള സൈക്കിൾ ചവിട്ടൽ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒരു സ്‌കൂട്ടി കിട്ടുകയാണെങ്കിൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നാണ് ജനി പറയുന്നത്. വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ച്‌ ജോലി ചെയ്യുന്ന ജനിപ്രിയയെ ആരോഗ്യവകുപ്പ് കൊവിഡ് ഡ്യൂട്ടിയുടെ ഭാഗമായി നിയമിച്ചതാണ്. ഒരു സ്ഥിര നിയമനം പി.എസ്.സി വഴി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. നേരത്തെ ചെതലയം പി.എച്ച്.സിയിൽ മൂന്ന് മാസം ഡി.എം.ഒ നിയമനത്തിൽ ജോലിചെയ്തിരുന്നു. കഴിഞ്ഞ എട്ട് മാസമായി ബത്തേരി ബത്തേരി താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തു വരുന്നു. കൊവിഡ് വാക്സിനേഷൻ ഡ്യൂട്ടിക്ക് പുറമെ കുട്ടികളുടെ കുത്തിവയ്പ്പും നടത്തുന്നു. മൂലങ്കാവ് കാരശ്ശേരി മുണ്ടിയറ വീട്ടിൽ ഷാജു-ബിന്ദു ദമ്പതികളുടെ മകളാണ് ജനിപ്രിയ.