vaccine

മുക്കം: മുക്കത്ത് വാക്സിൻ നൽകാൻ പ്രത്യേക ക്യാമ്പുകൾ നടത്തുന്നു. ഏപ്രിൽ 19ന് നടത്തിയ മെഗാ ക്യാമ്പുകളിൽ ഒന്നാം ഡോസ് വാക്സിൽ നൽകിയവർക്ക് രണ്ടാമത്തെ ഡോസ് നൽകാനാണ് പ്രത്യേക ക്യാമ്പുകൾ നടത്തുന്നത്. ചൊവ്വാഴ്ച മുക്കം സി.എച്ച്.സി അടക്കം മൂന്നു കേന്ദ്രങ്ങളിലാണ് ക്യാമ്പ് നടത്തിയത്. ബുധനാഴ്ചയും വിവിധ പ്രദേശങ്ങളിലായി മൂന്നു കേന്ദ്രങ്ങളിൽ ക്യാമ്പ് നടക്കും.
ഇതിനിടെ മുക്കം സി.എച്ച്.സിയുടെ കീഴിൽ ഹിറ സ്‌കൂളിൽ ആഴ്ചയിൽ മൂന്നുദിവസം വീതം നടത്തിയിരുന്ന പരിശോധന ക്യാമ്പ് മുക്കം അങ്ങാടിയിൽ ഓർഫനേജ് സ്‌കൂളിലേക്ക് മാറ്റി. അവിടെ 95 പേർക്ക് ആന്റിജൻ പരിശോധന നടത്തിയതിൽ 25 പേർക്ക് പോസിറ്റീവ് ആയി.. 45 പേരെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയരാക്കിയിട്ടുണ്ട്. അതിന്റെ ഫലം വരാനിരിക്കുകയാണ്.
വാക്സിൻ വിതരണത്തിന് ക്യാമ്പുകൾ സംഘടിപ്പിക്കുന്നതും ക്യാമ്പുകളിൽ അകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടി നിൽക്കാനിടയാവുന്നതും രോഗവ്യാപന സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന പരാതി നിലവിലുണ്ട്. ഒരു മാസം മുമ്പ് 10 മെഗാ ക്യാമ്പുകൾ നടത്തിയതും ഓരോ ക്യാമ്പിലും നൂറുകണക്കിനാളുകൾ പങ്കെടുത്തതും രോഗവ്യാപനത്തിന് കളമൊരുക്കിയതായും പരാതിയുണ്ട്.

സി.എച്ച്.സിയിൽ പ്രവർത്തിക്കുന്ന വാക്സിൻ വിതരണ കേന്ദ്രത്തിൽ പോലും കുത്തിവയ്‌പ്പെടുക്കാൻ കാത്തിരിക്കുന്നവർക്കും കുത്തിവയ്പ് കഴിഞ്ഞ് അര മണിക്കൂർ നിരീക്ഷണത്തിലിരിക്കുന്നവർക്കും അകലം പാലിച്ചിരിക്കാൻ സൗകര്യമില്ല. ഒന്നാം നിലയിൽ അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രം സൗകര്യമുള്ള മറ്റേതെങ്കിലും കേന്ദ്രത്തിലേക്ക് മാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല.