thozilali

തലശ്ശേരി: അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തി കൂലവേല ചെയ്ത് ഉപജീവനം കഴിക്കുന്ന കുടുംബങ്ങൾ കൊവിഡ് പ്രതിസന്ധിയിൽ തൊഴിലില്ലാതെ വലയുകയാണ്. കുടുംബത്തോടൊപ്പം കഴിയുന്ന പലരും നിത്യവൃത്തിക്ക് നിവൃത്തിയില്ലാതെ പട്ടിണിയിലുമായി. നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളലേക്ക് കൂലവേലക്കാരെ കൊണ്ടു പോകാറുള്ള മേസ്ത്രിമാർ എത്താറുള്ള തലശ്ശേരി ടി.സി. മുക്കിലെ പഴശ്ശിരാജ പാർക്കിനടുത്ത് അവരെ കാത്ത് നിന്ന് മടുത്ത് നിരാശരായി തിരിച്ചു പോകുകയാണിവർ.
കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട കടകൾ നിയന്ത്രിതമായി തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും നിർമ്മാണ മേഖലയിലെ പ്രധാന തൊഴിലാളികളായ ബംഗാളികളും, ബീഹാറികളുമൊക്കെ നേരത്തെ തന്നെ നാട്ടലേക്ക് മടങ്ങിയിരുന്നു. ത്രിപുര, ആസ്സാം മേഖലയിലുള്ളവരാണ് മിക്കവാറും ഹോട്ടലുകളിൽ ജോലി ചെയ്തിരുന്നത്. ഇവരും നാട്ടിലേക്ക് നേരത്തെ മടങ്ങിയിരുന്നു.
ഇപ്പോൾ തമിഴ് നാട്ടിലെ സേലം, കള്ളക്കുറുച്ചി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് തൊഴിൽ തേടി എത്തിയവരാണ് ഭൂരിഭാഗം പേരും തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വീടുകളും ലൈൻ മുറികളും വാടകയ്‌ക്കെടുത്ത് കൂട്ടത്തോടെ താമസിക്കുന്നത്. കൂലി പണി മാത്രമാണ് ഇവർക്ക് ആകെ വശമുള്ളത്. അതിനാൽ അതിരാവിലെ തന്നെ ഇവർ കൂലവേലക്ക് ആളെ അന്വേഷിച്ചെത്തുന്ന മേസ്ത്രിമാരെ കാത്ത് തലശ്ശേരി ടി.സി മുക്കിലെ പഴശ്ശിരാജ പാർക്കിന് സമീപമെത്തും. നിർമ്മാണ മേഖലകളിലേക്കും വീടുകളിലെ പറമ്പുകളിലെ ചെറു ജോലികൾക്കുമാണ് ഇവരെ കൊണ്ടു പോകുക.

തൊഴിലുടമയുമായി കരാറുറപ്പിച്ച മേസ്ത്രിമാർ അവരുടെ കമ്മീഷൻ കഴിച്ച് ബാക്കി തുകയാണ് കൂലി യായി നൽകുക. സാമാന്യം ജീവിക്കാനുള്ള വക കൂലിയായി കിട്ടും. കൊവിഡും മഴയും ഇവരുടെ ജീവിതത്തിന്റെ വഴിമുടക്കികളായി. തൊഴിലിടങ്ങളിൽ പണി നിർത്തിവച്ചതോടെ മേസ്ത്രിമാരുടെ വരവ് കുറഞ്ഞു. ഏറെ നേരം കാത്തിരുന്നിട്ടും മേസ്ത്രിമാർ ആരും എത്താത്തതിനാൽ തിരിച്ച് പോകുകയാണിവർ. താമസസ്ഥലത്തിന് വാടക കൊടുക്കാനാവുന്നില്ല. ബസ് ഇല്ലാത്തതിനാൽ ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെട്ട ജോലി പോലും ചെയ്യാനാവുന്നില്ല. ഭക്ഷണം പോലും കിട്ടാതായി. കുടുംബം പട്ടിണിയിലും അർദ്ധ പട്ടിണിയിലുമാണെന്ന് നിരവധി വർഷങ്ങളായി നഗരത്തിൽ ജോലി ചെയ്യുന്ന കള്ളക്കുറിച്ചി സ്വദേശിനി പാർവതി പറഞ്ഞു.