അച്ഛനായതിന്റെ ആഹ്ളാദം പങ്കുവച്ച് നടൻ സിജു വിൽസൺ. ഭാര്യ ശ്രുതി വിജയനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിലൂടെ താരം സന്തോഷവാർത്ത പങ്കുവച്ചിരിക്കുന്നത്. മുംബയിൽ വച്ചാണ് സിജുവിന്റെ ഭാര്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.
''ഞങ്ങളുടെ സ്വീറ്റ് ഡാർലിംഗ് ബേബി ഗേൾ മേയ് 17ന് രാത്രി എത്തിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ഞങ്ങൾക്ക് കാറ്റിന്റെയും പേമാരിയുടെയും കൂടെ മുംബെയിൽ വച്ച് ഒരു പെൺകുഞ്ഞ് ജനിച്ചു. പ്രകൃതിക്ക് നന്ദി"യെന്നാണ് സിജു വിൽസൺ സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. 2017ൽ ആണ് സിജുവും ശ്രുതിയും വിവാഹിതരായത്.
വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടാണ് സിജുവിൽസണിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. വരയൻ, ഉപചാരപൂർവം, ഗുണ്ടാ ജയൻ, വാർത്തകൾ ഇതുവരെ, മാരീചൻ എന്നീ ചിത്രങ്ങളും റിലീസ് കാത്തിരിക്കുകയാണ്.