മലയിൻകീഴ്: അണപ്പാട്-പോങ്ങുംമൂട് റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് അപകടമുണ്ടാക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. മഴപെയ്താലുടൻ റോഡാകെ വെള്ളം കെട്ടും. കാൽനടക്കാർക്കു പോലും പോകാനാകാത്ത വിധം റോഡ് തോടാകും. ആറ് വർഷം മുൻപാണ് ഈ റോഡ് നവീകരിച്ചത്. അന്ന് റോഡിലെത്തുന്ന വെള്ളം ഒഴുകിപ്പോകാനുള്ള ഓട നിർമ്മിച്ചിരുന്നില്ല. അതിനുശേഷമാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടാൻ തുടങ്ങിയത്. ഈ റോഡിന്റെ പല ഭാഗങ്ങളിലും മഴപെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും വെള്ളക്കെട്ടിന് യാതോരു കുറവും വന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. മഴ തുടങ്ങിയാൽ പിന്നെ ഈ വഴി യാത്രചെയ്യാൻ കഴിയില്ല. മഴതോർന്ന് ദിവസങ്ങൾ കഴിഞ്ഞാലും ഗതി അതുതന്നെയാണ്. റോഡ് വീതി കൂട്ടി വെള്ളം ഒലിച്ച് പോകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ നാളിതുവരെയായിട്ടും റോഡ് പുനർനിർമ്മിക്കാനുള്ള നടപടികളൊന്നും നടത്തിയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
അപകടങ്ങളും
റോഡിലെ വെള്ളത്തിൽ മുങ്ങി ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും വാഹനത്തിന് തകരാർ സംഭവിക്കുന്നതും പതിവാണ്. കൊവിഡ് കാലമായതിനാൽ വർക്ക്ഷോപ്പുകൾ പ്രവർത്തിക്കാത്തതും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഇരട്ടിക്കുന്നു. റോഡ് ആരംഭിക്കുന്ന അണപ്പാട് മുതൽ പോങ്ങുംമൂട് വരെ ഒരിടത്തും പൊതു ഓട നിർമ്മിച്ചിട്ടില്ല. റോഡിന്റെ താഴ്ന്ന ഭാഗമെല്ലാം വെള്ളക്കെട്ടായി മാറും. കൊടും വളവുകളും റോഡിനോട് ചേർന്ന് നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകളും അപകക്കെണിയായി തീർന്നതിന് പുറമേയാണ് വെള്ളക്കെട്ടും യാത്രക്കാർക്ക് ദുരിതമാകുന്നത്.
വെള്ളക്കെട്ട് ഇവിടെ
ചീനിവിള, ആനമൺ, ക്രൈസ്റ്റ് നഗർ സ്കൂളിന് സമീപം, മാറനല്ലൂർ ഡെയറി
നടപടിയില്ല
കൊടുംവളവും വില്ലൻ
പോങ്ങുംമൂടിനും ചീനിവിളയ്ക്കുമിടയിലെ കൊടുംവളവുകളും അപകടങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നുണ്ട്. അണപ്പാട് മുതൽ പോങ്ങുംമൂട് ജംഗ്ഷൻ വരെ റോഡിന് ഇരുവശത്തുമായി മരണക്കെണിയായി 214 ഇലക്ട്രിക് പോസ്റ്റുകളാണ് നിലകൊള്ളുന്നത്. അപകട പോസ്റ്റ് മാറ്റുന്നതിന് കെ.എസ്.ഇ.ബി അധികൃതർക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.