1

പൂവാർ: കോട്ടുകാൽ, കരുംകുളം, പൂവാർ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ തീരദേശ വാസികൾ ഇപ്പോൾ ദുരിതത്തിലാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഈ പ്രദേശം മുഴുവൻ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പൂവാറിൽ നിന്നും ആരംഭിക്കുന്ന ഗോതമ്പ് റോഡിലെ കുണ്ടും കുഴിയുമെല്ലാം വെള്ളം നിറഞ്ഞ അവസ്ഥയാണ്. അതേ റോഡ് കരുംകുളത്ത് എത്തുമ്പോൾ പൂർണമായും തകർന്ന അവസ്ഥയിലാകും. ഇവിടങ്ങളിലെല്ലാം വെള്ളം കെട്ടി നിൽക്കാൻ തുടങ്ങിയിട്ട് ആഴ്ച്ചകളായി. റോഡിനോട് ചേർന്ന വീടുകൾക്ക് ചുറ്റും മഴ വെള്ളം നിറഞ്ഞു. പല സ്ഥലങ്ങളും വീടുകളും ഒറ്റപ്പെട്ടു. പലർക്കും വീടിനുള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ കഴിയാതെയായി. ശക്തമായ കടലേറ്റം കാരണവും ചില സ്ഥലങ്ങളിൽ വെള്ളം കയറിയിട്ട് ഒഴികി പോകാൻ കഴിയാതെ കെട്ടി നിൽക്കുന്നുണ്ട്. എന്നാൽ തോരാതെ പെയ്യുന്ന മഴയും, ഉയർന്ന പ്രദേശങ്ങളിൽ നിന്നും ഓടകളിലൂടെ ഒഴുകിയെത്തിയ മലിനജലവുമാണ് പ്രദേശവാസികളെ ഇപ്പോൾ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഗോതമ്പ് റോഡിലെ നവീകരണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.

പ്രതിരോധം അനിവാര്യം

കൂടാതെ റോഡിന് സമീപം ഉചിതമായ രീതിയിൽ ഓട നിർമ്മിക്കാത്തതും വെള്ളക്കെട്ടിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. ഒരു ചെറിയ മഴ പെയ്താൽ പോലും വെള്ളം വന്ന് നിറയുന്ന അവസ്ഥയാണ് ഇവിടങ്ങളിലുള്ളത്. കൊവിഡിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം പകർച്ചവ്യാധിക്കെതിരെയും പ്രതിരോധം തീരദേശത്ത് അടിയന്തിരമായി നടപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.