നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ മലിനജലം സംസ്കരിച്ച് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി നിർമ്മിച്ച പ്ലാന്റിന്റെ പ്രവർത്തനം അവതാളത്തിൽ. മലിനജലം സംസ്കരിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനം ഭാഗീകമായി നിലച്ചതിനെ തുടർന്ന് മലിനജലം നെയ്യാറിലേക്ക് ഒഴുക്കുന്നു എന്നാരോപിച്ച് പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആറ് വർഷം മുൻപ് വി.എസ്. ശിവകുമാർ ആരോഗ്യമന്ത്രി ആയിരുന്ന സമയത്താണ് ഒന്നേകാൽ കോടി രൂപ മുടക്കി ആശുപത്രിയിൽ മലിനജല സംഭരണ സംസ്കരണ ശുചീകരണ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചത്. ആശുപത്രിയിലെ കുളിമുറികളിലെയും ഓപ്പറേഷൻ തിയേറ്ററുകളിലേയും മലിനജല ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിച്ച് മറ്റ് ടാങ്കുകൾവഴി കടത്തിവിട്ട് ശുദ്ധീകരിക്കാനാണ് പദ്ധതി തയ്യാറാക്കിയത്.
ശുദ്ധീകരണ പ്രക്രിയയിലൂടെ ലഭിക്കുന്ന ജലം ഓടകൾ ശുചീകരിക്കാനും ശുചിമുറികൾ വൃത്തിയാക്കാനും ആശുപത്രി പരിസരത്തെ ചെടികൾ നനയ്ക്കാനുമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പ്ലംബിംഗ് ജോലികൾ പൂർത്തിയാക്കി വാർഡുകളിലേക്ക് ജലമെത്തിക്കാൻ കഴിയാതെ വന്നത് പദ്ധതിക്ക് തടസമാവുകയായിരുന്നു. പ്ലാന്റിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടപ്പാക്കാൻ കഴിയാതായതോടെ ആശുപത്രിയിലെ മലിനജലം പൊലീസ് ക്വാട്ടേഴ്സ് വളപ്പിലൂടെ ആശുപത്രിയിലെ കണ്ടൽപ്രദേശം വഴി നെയ്യാറിലേക്ക് എത്തുകയാണ്. കണ്ടൽപ്രദേശത്ത് മാസങ്ങളോളം പിന്നിട്ട ആശുപത്രി മാലിന്യങ്ങളും കെട്ടിക്കിടപ്പുണ്ട്. ആശുപത്രിയിൽ നിന്ന് പുറന്തള്ളുന്ന മലിനജലവും കണ്ടലിൽ നിന്നുള്ള മലിനജലവും ഒത്തുചേർന്ന് നെയ്യാറിൽ പതിക്കുകയാണ് പതിവ്. മലിനജലം ഒഴുകിയെത്തുന്ന സ്ഥലത്താണ് വാട്ടർ അതോറിട്ടിയുടെ പ്ലംബിംഗ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. അതിന് പുറമേ ചെങ്കൽ, കാരോട്, കുളത്തൂർ, തിരുപുറം, പൂവാർ പഞ്ചായത്തുകളിലെ ജലംസംഭരണികളും നെയ്യാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നുണ്ട്. മലിനജലം നെയ്യാറിലേക്ക് ഒഴുകിയെത്തുന്നത് ശുദ്ധജല സംഭരണികളിലേയ്ക്ക് മലിനജലം എത്താനുള്ള സാദ്ധ്യതയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. നിലവിലെ സാഹചര്യത്തിലും മലിനജലം ഒഴുക്കിവിടുന്നത് കണ്ടില്ലെന്ന മട്ടിലാണ് ആരോഗ്യവകുപ്പും വാട്ടർ അതോറിട്ടിയും സ്വീകരിക്കുന്നത്. മലിനജലം ഒഴുക്കിവിടുന്നത് സംബന്ധിച്ച് തുടക്കത്തിൽ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധം നടത്തിയെങ്കിലും പിന്നീട് അതൊക്കെ നിലച്ചമട്ടാണ്.
മലിനജലം സംസ്കരിക്കുന്ന പ്ലാന്റിനായി ചെലവഴിച്ചത് - 1.25 കോടി
മലിനജലം ഒഴുകിയെത്തുന്ന പ്രദേശത്ത് വാട്ടർ അതോറിട്ടിയുടെ പ്ലംബിഗ് സ്റ്റേഷൻ സ്ഥി ചെയ്യുന്നുണ്ട്
ചെങ്കൽ, കാരോട്,കുളത്തൂർ, തിരുപുറം, പൂവാർ പഞ്ചായത്തുകളിലെ ജലംസംഭരണികളും നെയ്യാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നുണ്ട്.