ചിറയിൻകീഴ്: അഞ്ചുതെങ്ങ്, ചിറയിൻകീഴ് പഞ്ചായത്തുകളിലെ കടലാക്രമണത്തിൽ തകർന്ന പ്രദേശങ്ങൾ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ കേന്ദ്ര ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വി. മുരളീധരൻ പറഞ്ഞു. മുതലപ്പൊഴിയിലെ നിർമ്മാണ വൈകല്യവും അഞ്ചുതെങ്ങ് തീര സംരക്ഷണവും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുതെങ്ങ് ബി.ബി.എൽ.പി.എസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി മത്സ്യത്തൊഴിലാളികളുമായി സംസാരിച്ചു. തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളോട് മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമ്മാണത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. അഞ്ചുതെങ്ങ്, മാമ്പള്ളി, പൂത്തുറ, മണ്മാകുളം, മുതലപ്പൊഴി എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. രാവിലെ അഞ്ചുതെങ്ങ് മാമ്പള്ളി പള്ളിയിലെത്തിയ കേന്ദ്രമന്ത്രിയെ ഫെറോന വികാരി ഫാ. ജസ്റ്റിൻ ജൂഡ്, സെക്രട്ടറി വിനു അലക്സ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തീരദേശ മേഖലയുടെ വികസനത്തിനായുള്ള ഒരു നിവേദനം ഇവർ മന്ത്രിക്ക് കൈമാറി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, നിയോജക മണ്ഡലം പ്രസിഡന്റ് ഹരി.ജി.ശാർക്കര, യുവമോർച്ച ജില്ലാ സെക്രട്ടറി ആശാനാഥ്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് എഡിസൺ പെൽസിയൻ, ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഉദയസിംഹൻ, ചിറയിൻകീഴ് പ്രസിഡന്റ് മേടയിൽ സന്തോഷ്, മെമ്പർമാരായ ശ്രീകുമാർ, അനീഷ്, രാഖി എസ്.എച്ച്, നേതാക്കളായ വിശാഖ്, തോമസ്, വിനു, ഹരിദാസ് എന്നിവർ പങ്കെടുത്തു.