തിരുവനന്തപുരം: കൊവിഡ് രോഗികളുടെ സംസ്‌കാരത്തിനായി സാമ്പത്തിക ബുദ്ധിമുട്ടുള്ളവരിൽ നിന്ന് പണം ഈടാക്കേണ്ടെന്ന് കോർപ്പറേഷൻ തീരുമാനിച്ചു. തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്‌കാരം സൗജന്യമാക്കുന്നത്. നഗരസഭാ പരിധിയിൽ താമസിക്കുന്നവർ വാർഡ് കൗൺസിലറുടെ സാക്ഷ്യപത്രം ഹാജരാക്കിയാൽ പണം നൽകേണ്ടെന്നാണ് തീരുമാനം.
സംസ്‌കാരത്തിന് പണം ഈടാക്കുന്നതിനെതിരെ കൗൺസിലർമാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് പരാതി ഉയർന്നതിന്റെ പശ്ചാത്തലത്തിലാണിത്. മൃതദേഹങ്ങൾ ആശുപത്രികളിൽ നിന്നും ശാന്തി കവാടത്തിലെത്തിക്കുന്നതിനുള്ള ആംബുലൻസ് വാടകയും ഈടാക്കില്ല.
നിലവിൽ ഇലക്ട്രിക്, ഗ്യാസ് ശ്‌മശാനങ്ങൾക്ക് 1600 രൂപയും വിറക് ശ്‌മശാനത്തിന് 1700 രൂപയുമാണ് കോർപ്പറേഷൻ ഈടാക്കിയിരുന്നത്. എന്നാൽ ഇലക്ട്രിക്, ഗ്യാസ് ശ്‌മശാനത്തിന് 2500 രൂപ വരെയും വിറക് ശ്‌മശാനത്തിന് 3000 രൂപ വരെയും ഈടാക്കുന്നതായി ആരോപണമുയർന്നിരുന്നു. പലപ്പോഴും തുക കണ്ടെത്താൻ കുടുംബാംഗങ്ങൾക്ക് കഴിയാതെ വരുന്ന സാഹചര്യവുമുണ്ടായി.
തുടർന്ന് കൗൺസിലർ പരാതിയുമായെത്തിയപ്പോഴാണ് കഴിഞ്ഞദിവസം കൂടിയ സർവകക്ഷി യോഗത്തിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരിൽ നിന്ന് പണം ഈടാക്കേണ്ടെന്ന് കോർപ്പറേഷൻ തീരുമാനിച്ചത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കൊവിഡ് രോഗികളുടെ സംസ്‌കാരത്തിന് പണം ഈടാക്കിയിരുന്നില്ല. മരണനിരക്ക് കൂടിയതോടെയാണ് പണം ഈടാക്കാൻ ആരംഭിച്ചത്.