തിരുവനന്തപുരം: തലക്കനം തീരെയില്ലാത്ത കെ.രാധാകൃഷ്ണനെന്ന സാധാരണക്കാരനെ ദേവസ്വം ബോർഡ് മന്ത്രിയാക്കിയത് ഇടതുപക്ഷത്തിന്റെ വിപ്ളവകരമായ തീരുമാനം. ഇടതു സർക്കാരിൽ പട്ടികജാതി വിഭാഗക്കാരനായ ഒരാൾ ദേവസ്വം മന്ത്രിയാവുന്നത് നാലു പതിറ്റാണ്ടിനു ശേഷമാണ്. കേരളത്തിന്റെ ചരിത്രത്തിൽ ദളിത് വിഭാഗത്തിൽ നിന്നുള്ള അഞ്ചാമത്തെ ദേവസ്വം മന്ത്രിയും.
കോൺഗ്രസിന്റെ അടക്കം പിന്തുണയോടെ 1970ൽ അധികാരത്തിലെത്തിയ സി.അച്യുതമേനോൻ മന്ത്രിസഭയിൽ കോൺഗ്രസ് പ്രതിനിധിയായിരുന്ന വെള്ളൈ ഈച്ചരൻ ദേവസ്വത്തിനു പുറമെ ഹരിജനക്ഷേമ, സാമൂഹ്യക്ഷേമ വകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്നു. തൃത്താല മണ്ഡലത്തിൽ നിന്നാണ് 1970ൽ വെള്ള ഈച്ചരൻ തിരഞ്ഞെടുക്കപ്പെട്ടത്. ഗുരുവായൂർ ക്ഷേത്രത്തിലെ വിളക്കുമാടം പുനർനിർമ്മിച്ചതുൾപ്പെടെ ഈ കാലത്തായിരുന്നു. 1977ലെ ആദ്യത്തെ കെ. കരുണാകരൻ സർക്കാരിൽ ഹരിജന ക്ഷേമത്തിന് പുറമെ ദേവസ്വത്തിന്റെ കൂടി ചുമതല കോൺഗ്രസിലെ കെ.കെ. ബാലകൃഷ്ണൻ വഹിച്ചു. കോൺഗ്രസ് നേതാവായ ദാമോദരൻ കാളാച്ചേരി 1978-ലെ പി.കെ. വാസുദേവൻ നായർ സർക്കാരിൽ ദേവസ്വം വകുപ്പിന്റെ ചുമതല വഹിച്ചിട്ടുണ്ട്. 1980- 81 ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ ദേവസ്വം വകുപ്പിന്റെ ചുമതല വഹിച്ച എം.കെ. കൃഷ്ണനാണ് ഇടതുപക്ഷത്തു നിന്ന് പട്ടികവിഭാഗക്കാരനായ ആദ്യം ദേവസ്വം മന്ത്രി.
ശബരിമല വിഷയത്തിലടക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറെ പ്രതിസന്ധികൾ നേരിടേണ്ടിവന്ന വകുപ്പാണ് ദേവസ്വം. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ശബരിമല വിഷയം ശക്തമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. അവധാനതയോടെ കാര്യങ്ങളെ സമീപിക്കുന്ന കെ.രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നല്ല നിലയിൽ കൊണ്ടുപോകാൻ കഴിയുമെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം.
മുമ്പ് നാല് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള രാധാകൃഷ്ണൻ മന്ത്രിയെന്ന നിലയിലും (1996-2001),സ്പീക്കറെന്ന നിലയിലും (2006-2011) നന്നായി തിളങ്ങി. ഇത്തവണ ചേലക്കരയിൽ നിന്ന് 39,400 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമാണ്.