കാസർകോട്: സ്മാർട്ട് ഫോണിലെ വാട്സ്ആപ്പിൽ കുത്തിയും ഗെയിം കളിച്ചും സമയം കളയുന്ന യുവതലമുറയ്ക്ക് മുന്നിൽ വിസ്മയ മാതൃകയാവുകയാണ് ചെറുവത്തൂരിലെ ഒരു ചെറുപ്പക്കാരൻ. സ്വന്തം സ്മാർട്ട് ഫോണിൽ കൈവിരലുകൾ കൊണ്ട് മിഴിവുറ്റ ചിത്രങ്ങൾ വരച്ചാണ് കണ്ണങ്കൈയിലെ സിയാദ് മുഹമ്മദ് വ്യത്യസ്തനാകുന്നത്. വാഹന പ്രേമിയും ചെറുവത്തൂർ ടൗണിലെ മൊബൈൽ ഫോൺ ഷോപ്പുടമയുമായ സിയാദ് മൊബൈലിൽ ചിത്രം വരച്ചു വർണ്ണങ്ങൾ ചാലിക്കുന്നതിന് മറ്റൊരു തലം തന്നെ സൃഷ്ടിക്കുകയാണ്. പ്ലേസ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്ത സ്‌കെച്ച് ബുക്ക് മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് വാഹനങ്ങളുടെ മനോഹര ചിത്രങ്ങൾ വരച്ചത്.
മൊബൈൽ ബിസിനസ് ആണ് തൊഴിലെങ്കിലും താത്പര്യം മുഴുവൻ ചിത്രകലയോടായിരുന്നു. ചെറുപ്പം മുതൽ ചിത്രരചനയിൽ കമ്പമുണ്ടെങ്കിലും ശാസ്ത്രീയമായി അഭ്യസിക്കാൻ അവസരമുണ്ടായില്ല. പെൻസിൽ ഡ്രോയിംഗിൽ സ്‌കൂൾ പഠനകാലത്ത് ജില്ലാതലത്തിൽ സമ്മാനം നേടിയിരുന്നു. കഴിഞ്ഞ ലോക്ഡൗണിലാണ് സ്മാർട്ട് ഫോണിൽ ചിത്രരചന പരീക്ഷണം തുടങ്ങിയത്. ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വീടിനുള്ളിൽ ഒതുങ്ങേണ്ടിവന്ന സിയാദിന് തുണയായത് സ്മാർട്ട് ഫോണായിരുന്നു. ഒരു കൗതുകത്തിന് ഫോണിലെ ആപ്പിൽ ഒന്ന് വരച്ച് നോക്കി. ഏറെ പ്രിയപ്പെട്ട വാഹനങ്ങളുടെ ചിത്രമാണ് ആദ്യം വരച്ചത്.
എപ്പോഴും, എവിടെവച്ചും, എന്തും വരയ്ക്കാം എന്ന സൗകര്യമാണ് മൊബൈൽ ഫോണിലെ വരയിൽ സിയാദിന് കാണുന്ന നേട്ടം. വാഹനങ്ങളുടെ പലവിധ മോഡലുകൾ, മുഖ്യമന്ത്രി പിണറായി വിജയൻ, ബോബി ചെമ്മണ്ണൂർ, മലയാള സിനിമ താരങ്ങൾ എന്നിവരുടെയെല്ലാം ചിത്രങ്ങളും സിയാദിന്റെ കരവിരുതിൽ പിറന്നിട്ടുണ്ട്. മല്ലൂ ട്രാവലർ ഷാക്കിറിനെ വരച്ചതോടെ സോഷ്യൽ മീഡിയിയൽ പ്രോത്സാഹനം ലഭിച്ചു. ഇഷ്ടപ്പെട്ട വാഹനം കണ്ടാൽ അപ്പോൾ തന്നെ വര തുടങ്ങും.
ഒരുമണിക്കൂർ കൊണ്ടും ദിവസങ്ങൾ എടുത്തുമാണ് ഓരോ ചിത്രങ്ങളും വരച്ച് തീർക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങൾ വൈറലാകാൻ തുടങ്ങിയതോടെ നിരവധി വാഹന പ്രേമികൾ സിയാദിന്റെ ചിത്രങ്ങളെ തേടിയെത്തുന്നുണ്ട്. ചിത്രകലയിൽ ഉയരങ്ങൾ കീഴടക്കണമെന്നാണ് വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുന്ന ഈ യുവാവിന്റെ ആഗ്രഹം. സിയാദിന്റെ കലാസപര്യയ്ക്ക് സുഹൃത്തുക്കളുടേയും വീട്ടുകാരുടേയും നല്ലപ്രോൽസാഹനവുമുണ്ട്.