ബാലഗോപാൽ ധനമന്ത്രി, രാജീവിന് വ്യവസായം
റിയാസിന് പൊതുമരാമത്ത്, ടൂറിസം
ശിവൻകുട്ടിക്ക് വിദ്യാഭ്യാസം, തൊഴിൽ
തിരുവനന്തപുരം: കെ.കെ.ശൈലജയുടെ ഭരണ മികവിൽ ആഗോളശ്രദ്ധ നേടിയ സംസ്ഥാന ആരോഗ്യ വകുപ്പിനെ രണ്ടാം പിണറായി സർക്കാരിലെ യുവരക്തം വീണാ ജോർജ് നയിക്കും. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.രാധാകൃഷ്ണന് ദേവസ്വം വകുപ്പു നൽകാനുള്ള വിപ്ളവപരമായ തീരുമാനവും ഇന്നലെ പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റെടുത്തു. 1981നു ശേഷം പട്ടികജാതി വിഭാഗത്തിൽ നിന്നൊരാൾക്ക് ദേവസ്വം വകുപ്പ് ലഭിക്കുന്നത് ഇപ്പോൾ.
ആഭ്യന്തരവും വിജിലൻസും മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. കന്നിയങ്കത്തിൽ ബേപ്പൂരിൽ നിന്ന് വിജയിച്ച ഡി.വൈ.എഫ്.ഐ നേതാവും മുഖ്യമന്ത്രിയുടെ മരുമകനുമായ പി.എ. മുഹമ്മദ് റിയാസിന് സുപ്രധാന വകുപ്പുകളായ പൊതുമരാമത്തും ടൂറിസവും ലഭിക്കും. മന്ത്രിസഭയിൽ രണ്ടാമനാകുമെന്ന് കണക്കാക്കുന്ന കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദന് തദ്ദേശ സ്വയംഭരണം, എക്സൈസ് എന്നീ വകുപ്പുകളായിരിക്കും.
ധനകാര്യം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ.ബാലഗോപാലിനു ലഭിക്കുമ്പോൾ മറ്റൊരു സെക്രട്ടേറിയറ്റംഗമായ പി.രാജീവിന് വ്യവസായവും നിയമവും. കാലങ്ങളായി സി.പി.എമ്മിന്റെ കൈവശമുള്ള വൈദ്യുതി വകുപ്പ് ജനതാദൾ- എസിന് വിട്ടുനൽകും. കെ.കൃഷ്ണൻകുട്ടിയാണ് പുതിയ മന്ത്രി. പൊതുവിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും രണ്ടായി തുടരും. പൊതുവിദ്യാഭ്യാസം വി.ശിവൻകുട്ടിക്കും ഉന്നതവിദ്യാഭ്യാസം ഡോ.ആർ.ബിന്ദുവിനുമായിരിക്കും. തൊഴിൽ വകുപ്പും ശിവൻകുട്ടിക്കാണ്.
വി.എൻ.വാസവന് സഹകരണവും രജിസ്ട്രേഷനും സജി ചെറിയാന് ഫിഷറീസ്, സാംസ്കാരികം, യുവജനക്ഷേമം എന്നിവയും നൽകും. സി.പി.എം സ്വതന്ത്രൻ വി.അബ്ദുറഹ്‌മാന് പ്രവാസികാര്യം, ന്യൂനപക്ഷ ക്ഷേമം, കായികം വകുപ്പുകൾ. കെ.രാധാകൃഷ്ണന് ദേവസ്വത്തിനൊപ്പം പട്ടികജാതി- വർഗ, പിന്നാക്ക ക്ഷേമം, പാർലമെന്ററികാര്യ വകുപ്പുകളുമുണ്ടാവും.
വീണാ ജോർജിന് ആരോഗ്യത്തിനു പുറമേ വനിതാ ശാക്തീകരണവും സാമൂഹ്യനീതി വകുപ്പുകളും നൽകും.
ഇന്ന് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങിനു ശേഷം വകുപ്പുവിഭജനം സംബന്ധിച്ച ഫയലിൽ ഒപ്പുവച്ച് മുഖ്യമന്ത്രി ഗവർണർക്ക് അയയ്ക്കും. ഗവർണർ അംഗീകരിക്കുന്നതോടെയാണ് വകുപ്പ് വിഭജനം സംബന്ധിച്ച് വിജ്ഞാപനമിറങ്ങുക.
വച്ചുമാറി ഗതാഗതം, വനം, ജലവിഭവം
ഗതാഗതം,വനം, ജലവിഭവം വകുപ്പുകൾ വിവിധ കക്ഷികൾ വച്ചുമാറുന്ന തരത്തിൽ വകുപ്പ് വിഭജന ഫോർമുലയ്ക്ക് ഇന്നലെ അന്തിമരൂപമായി. ജലവിഭവം കേരള കോൺഗ്രസ് -എമ്മിന്റെ റോഷി അഗസ്റ്റിനും ഗതാഗതം ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവിനും വനം എൻ.സി.പിയിലെ എ.കെ.ശശീന്ദ്രനും തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പുകൾ ഐ.എൻ.എൽ പ്രതിനിധി അഹമ്മദ് ദേവർകോവിലിനും നൽകും. ജനതാദൾ-എസിനായിരുന്നു കഴിഞ്ഞ തവണ ജലവിഭവം. എൻ.സി.പിക്കായിരുന്നു ഗതാഗതം. 2006 മുതൽ സി.പി.ഐ കൈകാര്യം ചെയ്തുവരുന്ന വനം അവർ വിട്ടുനൽകിയതിനെ തുടർന്നാണ് എൻ.സി.പിക്ക് നൽകിയത്. 1987ലെയും 96ലെയും ഇടതു മന്ത്രിസഭകളിൽ വനംവകുപ്പ് ജനതാദളിനായിരുന്നു.
ഗതാഗതം, തുറമുഖം: രണ്ടര വർഷത്തിൽ മന്ത്രിമാറ്റം
മുന്നണി ധാരണയനുസരിച്ച് രണ്ടര വർഷം കഴിയുമ്പോൾ ഗതാഗതം കേരള കോൺഗ്രസ്- ബിയിലെ കെ.ബി.ഗണേശ്കുമാറിനും തുറമുഖ വകുപ്പ് കോൺഗ്രസ്- എസിലെ കടന്നപ്പള്ളി രാമചന്ദ്രനും കൈമാറണം.
ദേവസ്വം കൈകാര്യം ചെയ്ത പട്ടികവിഭാഗ മന്ത്രിമാർ
1. വെള്ളൈ ഈച്ചരൻ (കോൺഗ്രസ്) : 1971- 77
2. കെ.കെ.ബാലകൃഷ്ണൻ (കോൺഗ്രസ്) : 1977- 78
3. ദാമോദരൻ കാളാച്ചേരി (കോൺഗ്രസ്) : 1978- 79
4. എം.കെ.കൃഷ്ണൻ (സി.പി.എം) : 1980- 81
സത്യപ്രതിജ്ഞ ഇന്ന് 3.30ന്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ വേദിയിൽ അഞ്ഞൂറിൽ താഴെ വിശിഷ്ടാതിഥികളെ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്യും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ആദ്യം മുഖ്യമന്ത്രി പിണറായിവിജയൻ, പിന്നെ 20 പുതുമുഖ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
ഒന്നാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാൻ നാല്പതിനായിരത്തിലേറെ പേരാണെത്തിയത്. കൊവിഡ് സാഹചര്യത്തിൽ ഇക്കുറി ടി.വി ലൈവാണ് ആശ്രയം. വിവിധ ന്യൂസ് ചാനലുകളിലും സർക്കാരിന്റെ അഞ്ചിലേറെ ഒൗദ്യോഗിക വെബ്സൈറ്റുകളിലും പരിപാടി തത്സമയം കാണിക്കും. ചടങ്ങിന് കൊഴുപ്പ് പകരാൻ 2.30ന് യേശുദാസുൾപ്പെടെയുള്ളവർ അണിനിരക്കുന്ന സംഗീത വിരുന്നുമുണ്ടാകും. സത്യപ്രതിജ്ഞയ്ക്കു ശേഷം സെക്രട്ടേറിയറ്റിൽ മന്ത്രിസഭാംഗങ്ങൾ ആദ്യയോഗം ചേരും.