തിരുവനന്തപുരം: കമ്മ്യൂണിസ്റ്ര് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ. നായനാരുടെ 17-ാമത് ചരമവാർഷികം കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ആചരിച്ചു. ബഹുജന പങ്കാളിത്തത്തോടെയുള്ള അനുസ്‌മരണ സമ്മേളനങ്ങൾ ഒഴിവാക്കിയതിനാൽ സി.പി.എം ഓഫീസുകളും ട്രേഡ് യൂണിയൻ ഓഫീസുകളും അലങ്കരിച്ചും പാർട്ടി പതാക ഉയർത്തിയുമാണ് വാർഷികാചരണം നടന്നത്. പുരോഗമന പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിലും നായനാർ അനുസ്‌മരണ പരിപാടികൾ സംഘടിപ്പിച്ചു.

എ.കെ.ജി സെന്ററിൽ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ പതാക ഉയർത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, പി. കരുണാകരൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, ബേബി ജോൺ എന്നിവരും പങ്കെടുത്തു. ജില്ലാ കമ്മിറ്റി ആസ്ഥാനമായ കാട്ടായിക്കോണം വി. ശ്രീധർ മന്ദിരത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പതാക ഉയർത്തി.