തിരുവനന്തപുരം: കടൽക്ഷോഭത്തിന് പിന്നാലെ തീരദേശവാസികളെ വിഴുങ്ങിയ പ്ളാസ്റ്റിക് മാലിന്യം എന്തുചെയ്യുമെന്ന് അറിയാതെ തിരുവനന്തപുരം കോർപ്പറേഷൻ. ടൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യമാണ് സംസ്കരിക്കാൻ നിർവാഹമില്ലാതെ കെട്ടിക്കിടക്കുന്നത്. പൂന്തുറ ചേരിയാമുട്ടം മുതൽ കിലോമീറ്ററോളം ദൂരത്താണ് പ്ലാസ്റ്റിക് അടിഞ്ഞുകൂടിയത്. സന്നദ്ധ പ്രവർത്തകർ മാലിന്യം നീക്കിയെങ്കിലും ഇവ സംസ്കരിക്കുന്നത് എങ്ങനെയെന്നതിനെ കുറിച്ച് വ്യക്തതയില്ല. നഗരവാസികൾ തോട്ടിലും പുഴയിലും തള്ളിയ മാലിന്യം കടൽ തിരികെ എത്തിച്ചിരിക്കുകയാണ്. ആമയിഴഞ്ചാൻ തോട് ഉൾപ്പെടെ നഗരത്തിലെ തോടുകളെല്ലാം മാലിന്യവാഹിനിയായി മാറി. ഇവയൊന്നും മാലിന്യമുക്തമാക്കാൻ നഗരസഭ നടപടി സ്വീകരിക്കുന്നില്ല.
എന്ന് മാലിന്യമുക്തമാകും?
കോർപറേഷൻ തോട് വൃത്തിയാക്കുന്നത് വർഷത്തിലൊരിക്കൽ മാത്രം. ഇക്കുറി മഴക്കാലപൂർവ ശുചീകരണം ആരംഭിക്കുന്നതിനു മുൻപ് വേനൽ മഴയിൽ തോട്ടിൽ അടിഞ്ഞിരുന്ന മാലിന്യം കുത്തിയൊലിച്ച് പുത്തനാറിൽ ചേർന്നു. പൊഴി മുറിച്ചപ്പോൾ ഈ മാലിന്യം പൂർണമായി കടലിലെത്തുകയായിരുന്നു. നീക്കം ചെയ്ത മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നത് എങ്ങനെയെന്ന് അറിയാത്ത സ്ഥിതിയിലാണ് കോർപ്പറേഷൻ. കരയിൽ എത്തിയതിൽ ഭൂരിഭാഗവും നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകളും പഴയ ചെരിപ്പുകളുമാണ്. ഇപ്പോഴും നഗരത്തിലെ മാലിന്യം കൃത്യമായി ശേഖരിക്കാനോ അവ സംസ്കരിക്കുന്നതിനോ സ്ഥിരം സംവിധാനമില്ല.
പദ്ധതികൾ നടപ്പിലായില്ല
സർക്കാരും കോർപറേഷനും പലകുറി പ്ലാസ്റ്റിക് വില്പനയും ഉപയോഗവും നിരോധിച്ചെങ്കിലും നഗരത്തിൽ പ്ലാസ്റ്റിക് ഇപ്പോഴും സുലഭമാണ്. ഇതിൽ നിരോധിത പ്ലാസ്റ്റിക്കാണ് കൂടുതൽ. മാലിന്യം തള്ളുന്നതു തടയുന്നവരെ പിടികൂടി കനത്ത പിഴ ഈടാക്കാനും ആമയിഴഞ്ചാൻ തോടിന്റെ മുഴുവൻ ഭാഗത്തും ഇരുമ്പു വേലി സ്ഥാപിക്കാനും കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ തീരുമാനിച്ചിരുന്നു. അതേസമയം കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കാൻ ഇപ്പോഴും സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല.
പ്ളാസ്റ്റിക് ഭൂരിഭാഗവും തീരപ്രദേശത്ത് നിന്ന് നീക്കിയിട്ടുണ്ട്. ബാക്കിയുള്ള മാലിന്യം വേർതിരിക്കുന്ന പ്രക്രിയ നടന്നുവരികയാണ്. ഇവയും കോർപ്പറേഷനിൽ നിന്നും പ്ളാസ്റ്റിക് ശേഖരിക്കുന്ന ഏജൻസിക്ക് കൈമാറും.
- മേരി ജിപ്‌സി (പൂന്തുറ കൗൺസിലർ)