photo

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അദ്ദേഹം മുൻകൈയെടുത്ത് സജ്ജമാക്കിയ 100 കിടക്കകളുള്ള പുതിയ കൊവിഡ് വാർഡ് തുറന്നുകൊടുത്ത് നിയുക്ത മന്ത്രിയുടെ ആദ്യ പൊതുപരിപാടി. ജില്ലാ ആശുപത്രി ഐസൊലേഷൻ വാർഡിൽ സുരക്ഷാ സാമഗ്രികൾ വാങ്ങാൻ ഒരു ലക്ഷം രൂപ ജി.ആർ. അനിലിന്റെ കുടുംബം നേരത്തേ സംഭാവന ചെയ്‌തിരുന്നു. രണ്ടാഴ്ചയായി മണ്ഡലത്തിലെ എല്ലാ ആശുപത്രികളിലും കൊവിഡ് ചികിത്സാ ക്രമീകരണങ്ങൾ ഊർജിതപ്പെടുത്താനും മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം ഉറപ്പാക്കാനുമുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം.

ജില്ലാ ആശുപത്രിയിലെത്തിയ നിയുക്ത മന്ത്രിയെ സൂപ്രണ്ട് ഡോ. ശില്പാ ബാബു തോമസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ജലീൽ, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.ആർ. ജയദേവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് എന്നിവർ അനുഗമിച്ചു. തുടർന്ന് ബ്ലോക്ക് പഞ്ചായത്തോഫീസ് സന്ദർശിച്ച് കൊവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്‌തു. സി.പി.ഐയുടെ മുൻ എം.എൽ.എ കെ.ജി. കുഞ്ഞുകൃഷ്ണപിള്ള ഉൾപ്പെടെ ആദ്യകാല പാർട്ടി പ്രവർത്തകരെ വീടുകളിൽ സന്ദർശിച്ച് അനുഗ്രഹം തേടി. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പി.എം സുൽത്താന്റെ സ്‌മൃതി കുടീരത്തിലും ചന്തമുക്കിലെ പൊന്നറ സ്‌മാരകത്തിലും വേറ്റിനാട് ഗാന്ധി സ്‌മാരകത്തിലും പുഷ്പാർച്ചന നടത്തിയശേഷമാണ് നിയുക്ത മന്ത്രി മടങ്ങിയത്.

നെടുമങ്ങാട് സി.പി.എം, സി.പി.ഐ ഓഫീസുകളിൽ ആവേശകരമായ വരവേല്പാണ് ജി.ആറിനു ലഭിച്ചത്. നിയോജക മണ്ഡലത്തിൽ അരനൂറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച മന്ത്രിയോടുള്ള ആദരവും അനുമോദന പ്രവാഹവും തുടരുകയാണ്.

പ്രോട്ടോക്കോൾ പാലിച്ച് തയ്യാറാക്കിയ സ്വീകരണ ചടങ്ങുകളിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ചെറ്റച്ചൽ സഹദേവൻ ചുവന്ന ഷാൾ അണിയിച്ചും ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വ.ആർ. ജയദേവൻ പൂച്ചെണ്ട് കൈമാറിയും വരവേറ്റു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, ഓഫീസ് സെക്രട്ടറി എസ്.ആർ. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.