തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി എല്ലാവിധ സജ്ജീകരണങ്ങളുമുള്ള ആംബുലൻസ് നഗരസഭ സ്വന്തമായി വാങ്ങി. നിലവിൽ നഗരസഭയ്ക്ക് 2 ആംബുലൻസുകളാണുള്ളത്. സംസ്‌കാര ചടങ്ങുകൾക്ക് മൃതദേഹം എത്തിക്കുന്നത് ഈ ആംബുലൻസുകളിലാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നഗരസഭ 4 ആംബുലൻസുകൾ വാടകയ്ക്ക് ഉപയോഗിക്കുന്നുണ്ട്. ആംബുലൻസിന് ആവശ്യക്കാരേറിവരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് സ്വന്തമായി വാങ്ങാൻ തീരുമാനിച്ചത്. പുതിയ ആംബുലൻസ് നഗരസഭ അങ്കണത്തിൽ മേയർ ആര്യ രാജേന്ദ്രൻ ഫ്ളാഗ് ഒാഫ് ചെയ്തു. ഡെപ്യൂട്ടി മേയർ പി.കെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, നഗരസഭ സെക്രട്ടറി, നഗരസഭ ജീവനക്കാർ എന്നിവർ പങ്കെടുത്തു.