dddd

തിരുവനന്തപുരം:ജില്ലയിൽ കൊവിഡ് കണക്കുകൾ വലിയ മാറ്റമില്ലാതെ തുടരുന്നു.ഇന്നലെ 3,600 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.6,312 പേർ രോഗമുക്തരായി. 24,024 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ താഴെയായി തുടരുന്നത് ആശ്വാസം നൽകുന്നുണ്ട്. ഇന്നലെ 24.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലം കാണുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 3,393 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.ഇതിൽ 11 പേർ ആരോഗ്യ പ്രവർത്തകരാണ്.ജില്ലയിൽ പുതുതായി 5,290 പേരെക്കൂടി നിരീക്ഷണത്തിലാക്കി.ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 94,248 ആയി. 5,385 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.

 കണ്ടെയ്ൻമെന്റ് സോണുകൾ

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കോർപ്പറേഷനിലെ വലിയവിള, കരകുളം പഞ്ചായത്തിലെ കല്ലുമുക്ക്, പൂവാർ ഗ്രാമപഞ്ചായത്തിലെ കല്ലിംഗവിളാകം, കലയ്‌തോട്ടം, അരശുമ്മൂട്,ശൂലംകുടി, പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ കുളപ്പറ എന്നീ പ്രദേശങ്ങളും പുളിമാത്ത്,വിതുര,വെങ്ങാനൂർ ഗ്രാമപഞ്ചായത്തുകൾ പൂർണമായും കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

തിരുവനന്തപുരം കോർപ്പറേഷന് കീഴിൽ പാളയത്തുള്ള പൊലീസ് കോർട്ടേഴ്സ്,ലെനിൻ നഗർ,ഫോറസ്റ്റ് ഓഫീസ് ലെയിൻ,നന്ദാവനം റസിഡന്റ്സ് അസോസിയേഷൻ, തൈക്കാടുള്ള മേട്ടുക്കട റസിഡന്റ്സ് അസോസിയേഷൻ, മീര നഗർ, പട്ടത്തുള്ള ഗൗരിശ റസിഡന്റ്സ് അസോസിയേഷൻ, ആദർശ് നഗർ അസോസിയേഷൻ, പൊട്ടക്കുഴി റസിഡന്റ്സ് അസോസിയേഷൻ,എസ്.സി.ടി നഗർ അസോസിയേഷൻ, പി.റ്റി ചാക്കോ നഗർ, മങ്ങനൂർകോണം റസിഡന്റസ് അസോസിയേഷൻ, തമ്പാനൂർ വാർഡിലെ രാജാജിനഗർ എന്നീ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി.

 ചികിത്സയ്ക്ക് മൂന്നു കേന്ദ്രങ്ങൾകൂടി

കൊവിഡ് ചികിത്സയ്ക്കായി ജില്ലയിൽ മൂന്നു ഡി.സി.സികൾ കൂടി ഏറ്റെടുത്തു. ചിറയിൻകീഴ്, നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിലായി ഓരോ ഡി.സി.സികൾ വീതമാണ് ഏറ്റെടുത്തത്. ഇവിടെ 300 പേർക്കുള്ള കിടക്ക സൗകര്യമുണ്ടാകും.