നെടുമങ്ങാട്: ട്രിപ്പിൾ ലോക്ക്ഡൗണിന്റെ ഭാഗമായുള്ള വാഹന പരിശോധന നെടുമങ്ങാട്ട് കർശനമാക്കി പൊലീസ്. മാദ്ധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവരെ തടഞ്ഞുനിറുത്തുകയും ഐ.ഡി കാർഡ് അല്ല പാസാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് ആക്ഷേപിക്കുകയും ചെയ്തതായി പരാതി.

കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ നിരത്തിലിറങ്ങിയ വാഹനങ്ങൾ നിരവധിയായിരുന്നു. നിർദേശങ്ങൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയ 20 ഓളം പേർക്കെതിരെ കേസെടുത്തു.

ഇതിനിടയിൽ പൊലീസ് പരിശോധന റിപ്പോർട്ട് ചെയ്യാനെത്തിയ കേരള വിഷൻ ലേഖകനെയും കാമറാമാനെയും പഴകുറ്റിയിൽ വച്ച് എസ്.ഐ അപമാനിച്ചുവെന്നാണ് പരാതി. ജില്ലാ യാത്രയ്ക്ക് പാസ് വേണ്ട ഐ.ഡി കാർഡ് മാത്രം മതി എന്നിരിക്കെയാണ് പാസ് വേണമെന്ന് ശഠിച്ച് എസ്.ഐ മാദ്ധ്യമപ്രവർത്തകരോട് തട്ടിക്കയറിയത്. പൊലീസ് നടപടിയിൽ കേരള ജേർണലിസ്റ്റ് യൂണിയൻ നെടുമങ്ങാട് മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.